ഇന്ത്യൻ രാജകുടുംബത്തിന്റെ പക്കലുണ്ടായിരുന്ന പതിനേഴാം നൂറ്റാണ്ടിലെ ‘സൂപ്പർ കമ്പ്യൂട്ടർ’ ലണ്ടനിൽ ലേലത്തിൽ വിറ്റു; ലഭിച്ചത് 21 കോടിയിലധികം രൂപ

ലണ്ടൻ: ഇന്ത്യയിലെ ജയ്‌പൂർ രാജകുടുംബത്തിന്റെ ശേഖരത്തിലുണ്ടായിരുന്ന 17-ാം നൂറ്റാണ്ടിലെ അപൂർവ്വമായ ഒരു അസ്‌ട്രോലേബ് (Astrolabe) ലണ്ടനിൽ നടന്ന ലേലത്തിൽ റെക്കോർഡ് തുകയ്ക്ക് വിറ്റുപോയി. ആകാശഗോളങ്ങളുടെ സ്ഥാനവും സമയവും നിർണ്ണയിക്കാൻ പണ്ട് കാലത്ത് ഉപയോഗിച്ചിരുന്ന ഈ വെങ്കല ഉപകരണം 20 ലക്ഷം പൗണ്ടിനാണ് (ഏകദേശം 21.3 കോടി രൂപ) സോത്ത്ബീസ് (Sotheby’s) ലേലത്തിൽ വെച്ചത്. ഇസ്‌ലാമിക ലോകത്തുനിന്നുള്ള ഒരു ജ്യോതിശാസ്ത്ര ഉപകരണത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിതെന്ന് ലേല അധികൃതർ അറിയിച്ചു.

മഹാരാജാ സവായ് മാൻ സിംഗ് രണ്ടാമന്റെ ശേഖരത്തിലുണ്ടായിരുന്ന ഈ അസ്‌ട്രോലേബ്, അദ്ദേഹത്തിന്റെ മരണശേഷം പ്രശസ്തയായ മഹാറാണി ഗായത്രി ദേവിയുടെ പക്കലായിരുന്നു. പിന്നീട് ഇത് സ്വകാര്യ ശേഖരത്തിലേക്ക് മാറി. നിലവിലുള്ളതിൽ വെച്ച് ഏറ്റവും വലിപ്പമേറിയതും കൃത്യതയാർന്നതുമായ അസ്‌ട്രോലേബുകളിൽ ഒന്നാണിതെന്ന് ഓക്സ്ഫോർഡ് സർവകലാശാലയിലെ വിദഗ്ധർ അഭിപ്രായപ്പെടുന്നു. ഇതിന്റെ പ്രവർത്തനക്ഷമത കണക്കിലെടുത്ത് ചരിത്രകാരന്മാർ ഇതിനെ ആധുനിക കാലത്തെ ‘സ്മാർട്ട്‌ഫോണിനോട്’ ആണ് ഉപമിക്കുന്നത്.

സൂര്യാസ്തമയം, സൂര്യോദയം, കെട്ടിടങ്ങളുടെ ഉയരം, കിണറിന്റെ ആഴം എന്നിവ കണക്കാക്കാനും ജാതകം തയ്യാറാക്കാനും ഈ ഉപകരണം ഉപയോഗിക്കാമായിരുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ലാഹോറിലെ പ്രസിദ്ധമായ ‘ലാഹോർ സ്കൂൾ’ ശില്പികളായ ഖായിം മുഹമ്മദ്, മുഹമ്മദ് മുഖീം എന്നീ സഹോദരങ്ങളാണ് ഇത് നിർമ്മിച്ചത്. മുഗൾ ചക്രവർത്തിമാരായ ജഹാംഗീറിന്റെയും ഷാജഹാന്റെയും കാലത്തെ പ്രമുഖ ഉദ്യോഗസ്ഥനായിരുന്ന ആഖാ അഫ്സലിന് വേണ്ടിയാണ് ഇത് തയ്യാറാക്കിയത്.

ഏകദേശം 8.2 കിലോ ഗ്രാം തൂക്കമുള്ള ഈ ഉപകരണത്തിന് 30 സെന്റീമീറ്റർ വ്യാസമുണ്ട്. പേർഷ്യൻ ഭാഷയിലും സംസ്‌കൃതത്തിലും (ദേവനാഗരി ലിപിയിൽ) നക്ഷത്രങ്ങളുടെ പേരും മറ്റ് വിവരങ്ങളും ഇതിൽ കൊത്തിവെച്ചിട്ടുണ്ട് എന്നത് ഇതിന്റെ സാംസ്കാരിക വൈവിധ്യത്തെ എടുത്തുകാണിക്കുന്നു. 94 നഗരങ്ങളുടെ രേഖാംശങ്ങളും അക്ഷാംശങ്ങളും 38 നക്ഷത്രങ്ങളുടെ സ്ഥാനങ്ങളും ഇതിൽ കൃത്യമായി അടയാളപ്പെടുത്തിയിട്ടുണ്ട്. ലാഹോർ സ്കൂളിന്റെ സമാനതകളില്ലാത്ത കരവിരുതും മുഗൾ ഭരണകൂടത്തിന് ശാസ്ത്രത്തോടുണ്ടായിരുന്ന താൽപ്പര്യവുമാണ് ഈ അമൂല്യ വസ്തുവിലൂടെ വ്യക്തമാകുന്നത്. ഇതിനു മുൻപ് 2014-ൽ ഒരു ഓട്ടോമൻ അസ്‌ട്രോലേബിന് ലഭിച്ച 10 ലക്ഷം പൗണ്ട് എന്ന റെക്കോർഡാണ് ഇപ്പോൾ തിരുത്തപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *