തൃശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ടുപുര സ്ഫോടനത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും നൽകിയ നഷ്ടപരിഹാരത്തിന്റെ വിശദാംശങ്ങൾ കേരള സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ രജിസ്റ്റർ ചെയ്ത പൊതുതാൽപര്യ ഹർജി പരിഗണിക്കവെയാണ് സർക്കാർ കണക്കുകൾ സമർപ്പിച്ചത്.
അതേസമയം, കേന്ദ്ര സർക്കാരിന്റെ ഭാഗത്തുനിന്ന് അധിക നഷ്ടപരിഹാരം അനുവദിക്കാനാകുമോ എന്ന കാര്യം പരിശോധിക്കാൻ കൂടുതൽ സമയം വേണമെന്ന് അഡീഷണൽ സോളിസിറ്റർ ജനറൽ കോടതിയെ അറിയിച്ചു. ഇതിനെ തുടർന്ന് എതിർസത്യവാങ്മൂലം സമർപ്പിക്കാൻ ഹൈക്കോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു.
ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ഏപ്രിൽ 21-ന് തൃശൂർ പൂരത്തിന് മുന്നോടിയായി തിരുവമ്പാടി ദേശത്തിനുവേണ്ടി ഒരുക്കിയിരുന്ന കരിമരുന്ന് ശേഖരത്തിൽ ഉണ്ടായ സ്ഫോടനത്തിൽ 16 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കേസ് വീണ്ടും രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കും.

