തിരുവനന്തപുരം: നെടുമങ്ങാട് പനവൂർ കരിക്കുഴിയിൽ ഒന്നര വയസ്സുകാരൻ മരിച്ച സംഭവം ക്രൂരമായ മർദനത്തെത്തുടർന്നുള്ള കൊലപാതകമെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അമ്മ അഖില, ഇവരുടെ ആൺസുഹൃത്തും രണ്ടാനച്ഛനുമായ അഷ്കർ എന്നിവരെ നെടുമങ്ങാട് പൊലീസ് കസ്റ്റഡിയിലെടുത്തു.
കരിക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന അഖിലയുടെ മകൻ അർഷിദ് ആണ് കൊല്ലപ്പെട്ടത്.ഭക്ഷണം നൽകുന്നതിനിടെ തൊണ്ടയിൽ കുടുങ്ങിയെന്ന് പറഞ്ഞാണ് കഴിഞ്ഞദിവസം കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് കുട്ടി മരണപ്പെടുകയായിരുന്നു. എന്നാൽ മരണത്തിൽ സംശയം തോന്നിയതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലും ഇൻക്വസ്റ്റ്, പോസ്റ്റ്മോർട്ടം നടപടികളിലുമാണ് കുട്ടിയുടെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റ പാടുകൾ കണ്ടെത്തിയത്.തലയ്ക്കേറ്റ പരിക്കിനെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
കുട്ടിയുടെ ജനനേന്ദ്രിയത്തിൽ ഉൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലായി 51-ഓളം മുറിവുകളും പരിക്കുകളും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ സിഗരറ്റ് കൊണ്ട് പൊള്ളിച്ച പാടുകളും ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. കുഞ്ഞിനെ രണ്ടാനച്ഛൻ ക്രൂരമായി മർദിക്കുന്നത് താൻ കണ്ടിരുന്നുവെന്ന് അമ്മ അഖില പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
രണ്ട് വർഷം മുൻപ് അഖിലയുടെ ആദ്യ ഭർത്താവ് ജീവനൊടുക്കിയതിനെത്തുടർന്നാണ് ഇവർ ഡ്രൈവറായ അഷ്കറിനൊപ്പം താമസം തുടങ്ങിയത്. കഴിഞ്ഞ എട്ടുമാസമായി ഇവർ കരിക്കുഴിയിൽ വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു. കുട്ടി നിരന്തരമായി ക്രൂരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായിരുന്നതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കേസിൽ നെടുമങ്ങാട് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

