ഗാന്ധിനഗർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടു ദിവസത്തെ ഗുജറാത്ത് സന്ദർശനം ഇന്ന് ആരംഭിക്കും. വികസന പദ്ധതികളുടെ ഉദ്ഘാടനവും പുതിയ പദ്ധതികളുടെ തറക്കല്ലിടലും ഉൾപ്പെടെ വിപുലമായ പരിപാടികളാണ് സന്ദർശനത്തിന്റെ ഭാഗമായി നിശ്ചയിച്ചിരിക്കുന്നത്.
ബനാസ്കാണ്ഠയിൽ 14,000 കോടിയിലധികം രൂപയുടെ വിവിധ വികസന പദ്ധതികൾക്ക് പ്രധാനമന്ത്രി തറക്കല്ലിടും. അഹമ്മദാബാദ് മെട്രോ രണ്ടാംഘട്ടത്തിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിക്കും. ഇതിനുപുറമെ, പിഎം-കിസാൻ പദ്ധതിയുടെ 24-ാം ഗഡുവായി 19,000 കോടി രൂപ കർഷകർക്കായി വിതരണം ചെയ്യും.
തുടർന്ന് കെവഡിയയിലെ ഏകതാ നഗറിലെത്തുന്ന പ്രധാനമന്ത്രി ഭാരത് പർവ് 2026 ഉദ്ഘാടനം ചെയ്യും. സന്ദർശനത്തിന്റെ രണ്ടാം ദിവസമായ നാളെ സ്റ്റാച്യൂ ഓഫ് യൂണിറ്റിയിൽ പുഷ്പാർച്ചന നടത്തുന്ന അദ്ദേഹം 400 കോടി രൂപയുടെ മറ്റ് വികസന പദ്ധതികൾ പ്രഖ്യാപിക്കും. തുടർന്ന് സർദാർ വല്ലഭ്ഭായി പട്ടേലിന്റെ 151-ാം ജന്മവാർഷികത്തോടനുബന്ധിച്ച് നടക്കുന്ന രാഷ്ട്രീയ ഏകതാ ദിവസ് ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും.

