കൊച്ചി: ലഹരിമുക്ത വൈപ്പിൻ സമഗ്ര പദ്ധതിയുടെ ഭാഗമായി കോളേജ് വിദ്യാർത്ഥികളിൽ ലഹരിവിരുദ്ധ ബോധവൽക്കരണം ലക്ഷ്യമിട്ട് വൈപ്പിൻ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ മിനി മാരത്തോൺ സംഘടിപ്പിച്ചു. അയ്യമ്പിള്ളി റൂറൽ അക്കാദമി ഫോർ മാനേജ്മെന്റ് സ്റ്റഡീസുമായി സഹകരിച്ച് ‘ഓപ്പറേഷൻ തൂഫാൻ വൈപ്പിൻ’ എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്.
രാവിലെ 6.30-ന് കോളേജിൽ നിന്ന് ആരംഭിച്ച മാരത്തോൺ വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെന്നി ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർ സഞ്ജയ് റാംസ്, കോളേജ് എച്ച്.ഒ.ഡി ഷെറ സുരേഷ് എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. പള്ളത്താംകുളങ്ങര അമ്പലപ്പറമ്പിലൂടെ സഞ്ചരിച്ച മാരത്തോൺ തിരികെ കോളേജിൽ തന്നെ സമാപിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ഇതിനോടകം ഫ്ലാഷ് മോബ്, സെമിനാറുകൾ, ജനകീയ കൂട്ടായ്മകൾ എന്നിവയും ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ കോളേജിൽ സംഘടിപ്പിച്ചിട്ടുണ്ട്.
ചടങ്ങിൽ എക്സൈസ് പ്രിവന്റീവ് ഓഫീസർ ടി.എസ്. ശ്രീരാജ്, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ രാധിക സതീഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.കെ. മനാഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ. സുലേഖ, ഐ.സി.ഡി.എസ് വൈപ്പിൻ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ പി.ബി. ഐശ്വര്യ, കോളേജ് അധികൃതർ തുടങ്ങിയവർ പങ്കെടുത്തു.

