യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാൻ പാർക്കിൽ മരിച്ച നിലയിൽ; പെൺസുഹൃത്തിനൊപ്പം എത്തിയതെന്ന് പൊലീസ്

കൊച്ചി: കടവന്ത്രയിലെ ഗ്രൗണ്ട് ഗാലറി പാർക്കിൽ പ്രമുഖ യൂട്യൂബർ ഉബൈദിന്റെ ക്യാമറാമാനെ മരിച്ച നിലയിൽ കണ്ടെത്തി. പെരുമ്പാവൂർ സ്വദേശി മുഹമ്മദ് ഫർഹാൻ (21) ആണ് മരിച്ചത്. പാർക്കിലെ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉബൈദിന്റെ യൂട്യൂബ് ചാനലിലെ വീഡിയോ ചിത്രീകരണങ്ങളിലും മറ്റ് അനുബന്ധ പ്രവർത്തനങ്ങളിലും സജീവമായിരുന്നു ഫർഹാൻ.

അർധരാത്രിക്ക് ശേഷമാണ് സംഭവം നടന്നതെന്നാണ് പൊലീസ് നൽകുന്ന പ്രാഥമിക വിവരം. പെൺസുഹൃത്തിനൊപ്പം ബൈക്കിലെത്തിയ ഫർഹാൻ പാർക്കിലേക്ക് കയറിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. പാർക്കിനുള്ളിൽ വെച്ച് ഇരുവരും തമ്മിൽ തർക്കമുണ്ടായെന്നും, ഇതിനു പിന്നാലെ ഫർഹാൻ ഊഞ്ഞാലിന്റെ ചങ്ങലയിൽ കഴുത്ത് കുരുക്കുകയായിരുന്നുവെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സംഭവം കണ്ട് ഭയന്നുവിറച്ച പെൺസുഹൃത്ത് റോഡിലൂടെ പോയ യാത്രക്കാരോട് സഹായം തേടുകയായിരുന്നു. തുടർന്ന് യാത്രക്കാരും പെൺകുട്ടിയുടെ സുഹൃത്തുക്കളും ചേർന്ന് പൊലീസിൽ വിവരം അറിയിച്ചു. സംഭവസ്ഥലത്ത് ഫിംഗർപ്രിന്റ് വിദഗ്ധരും ഡോഗ് സ്ക്വാഡും എത്തി ശാസ്ത്രീയ പരിശോധനകൾ നടത്തും. സംഭവത്തിൽ മറ്റെന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *