വാഴക്കുളം: നിർദ്ധനരായ രോഗികൾക്കായി വാഴക്കുളം സെന്റ് ജോർജ് ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന സൗജന്യ ഡയാലിസിസ് സെന്ററിന്റെ പ്രവർത്തന ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന ‘ചായ് കാർണിവൽ സീസൺ 2’-ന് തുടക്കമായി. ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർണിവലിന് മുന്നോടിയായി കല്ലൂർക്കാട് കവലയിൽ നിന്ന് വാഴക്കുളം വാക്കത്തോൺ സംഘടിപ്പിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ ഡീൻ കുര്യാക്കോസ് എം.പി കാർണിവലിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.
ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ സിജു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വിവിധ പഞ്ചായത്ത് പ്രസിഡന്റുമാരായ ടോമി തന്നിട്ടാമാക്കൽ, സാബു പൊതൂർ, ജോജി കുറുപ്പുമഠം, ജീമോൻ പോൾ, സിനി മനോജ്, ജില്ലാ പഞ്ചായത്തംഗം ഷെൽമി ജോൺസ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.വി. ജോൺ എന്നിവർ സംസാരിച്ചു. വാഴക്കുളം സെന്റ് ജോർജ് ആശുപത്രി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, ഡോ. മാത്യൂസ് നമ്പേലി, ഡോ. സോണി ജെയിംസ്, ഫാ. ജോൺസൺ വെട്ടിക്കുഴിയിൽ, ഫാ. ഡോ. ആന്റണി പുത്തൻകുളം, ട്രസ്റ്റ് സെക്രട്ടറി ജോണി മെതിപ്പാറ, ട്രഷറർ സാജു ടി. ജോസ്, പ്രഫ. ജോസ് അഗസ്റ്റിൻ, തോമസ് വർഗീസ്, ജിജി മാത്യു തുടങ്ങിയവരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം അരങ്ങേറിയ സംഗീതനിശയും പരിപാടിക്ക് മാറ്റുകൂട്ടി.
നവംബർ ഒന്നു വരെ വാഴക്കുളം കല്ലൂർക്കാട് കവലയിൽ വൈകുന്നേരം നാലു മുതൽ രാത്രി പത്തു മണി വരെയാണ് കാർണിവൽ നടക്കുന്നത്. വെള്ളിയാഴ്ച ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോൺ ജോസഫ്, മാത്യു കുഴൽനാടൻ എം.എൽ.എ എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും. തുടർന്ന് രാത്രി 7.30-ന് ആർ.എൽ.വി രാമകൃഷ്ണൻ നയിക്കുന്ന ഫിയസ്റ്റ ഫ്യൂഷൻ അരങ്ങേറും. ശനിയാഴ്ച രാത്രി 7.30-ന് നാട്യാലയയുടെ ക്ലാസിക്കൽ നൃത്തസന്ധ്യയും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ ഒക്ടോബറിൽ പ്രവർത്തനം ആരംഭിച്ച് ഒരു വർഷം പിന്നിട്ട ഡയാലിസിസ് സെന്ററിലൂടെ ഇതിനകം രണ്ടായിരത്തിലേറെ സൗജന്യ ഡയാലിസിസുകൾ പൂർത്തിയാക്കിക്കഴിഞ്ഞു. പ്രതിമാസം നാലു ലക്ഷത്തോളം രൂപ ചെലവുവരുന്ന കേന്ദ്രം സുമനസ്സുകളുടെ സഹായത്തോടെയാണ് മുന്നോട്ടുപോകുന്നത്. സെന്ററിന്റെ സുഗമമായ നടത്തിപ്പിനായി ഡയാലിസിസ് ക്ലബ്ബ് രൂപീകരിച്ച് വിവിധ സംഘടനകളുടെ സഹകരണത്തോടെ ധനസമാഹരണം നടത്തുന്നുണ്ട്. ഇതിനുപുറമെ സാന്ത്വനം ക്ലിനിക്, സാന്ത്വനം പാലിയേറ്റീവ് ഹോം കെയർ, പ്രതിമാസ സൗജന്യ മെഡിക്കൽ ക്യാമ്പുകൾ എന്നിവയും ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. കാരുണ്യപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ ആഗ്രഹിക്കുന്നവർക്കായി ഫെഡറൽ ബാങ്ക് വാഴക്കുളം ശാഖയിൽ പ്രത്യേക അക്കൗണ്ടും സജ്ജീകരിച്ചിട്ടുണ്ട് (അക്കൗണ്ട് നമ്പർ: 14300200004677, IFSC: FDRL0001430).

