നേപ്പാൾ–ടിബറ്റ് അതിർത്തി മേഖലയിൽ ബുധനാഴ്ചയുണ്ടായ അതിശക്തമായ മിന്നൽപ്രളയത്തിൽ മരണസംഖ്യ 270 ആയി ഉയർന്നു. ആയിരത്തിലേറെ പേരെ കാണാതായതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. പ്രളയത്തിൽ 288 ഇന്ത്യൻ പൗരന്മാരുമായി നിലവിൽ ബന്ധപ്പെടാനാകുന്നില്ലെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
കൈലാസ്–മാനസസരോവർ തീർഥാടനത്തിനും മറ്റ് ആവശ്യങ്ങൾക്കുമായി നേപ്പാളിലെത്തിയവരാണ് ബന്ധപ്പെടാനാകാത്ത ഇന്ത്യക്കാരിൽ ഭൂരിഭാഗവും. അഞ്ച് പ്രധാന സംഘങ്ങളിലായാണ് 288 ഇന്ത്യക്കാരുള്ളതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ടെലികമ്മ്യൂണിക്കേഷൻ സംവിധാനങ്ങൾ തകരാറിലായതും റോഡുകൾ തകർന്നതും രക്ഷാപ്രവർത്തനത്തെ ബാധിക്കുന്നുണ്ട്.
കേരളത്തിൽ നിന്നുള്ള 33 പേരും ഈ സംഘങ്ങളിൽ ഉൾപ്പെടുന്നതായാണ് നിലവിലെ വിവരം. ഇവരുമായി ബന്ധപ്പെടാൻ കഴിയാത്തതിനാൽ ഇവരുടെ സുരക്ഷ സംബന്ധിച്ച് ആശങ്ക തുടരുകയാണ്. അതേസമയം, നോർക റൂട്ട്സ് ശേഖരിച്ച വിവരമനുസരിച്ച് നേപ്പാളിൽ 53 മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നാണ് പുതിയ കണക്ക്. ഇവരിൽ പലരും സുരക്ഷിത സ്ഥാനങ്ങളിലാണെന്നാണ് അധികൃതരുടെ വിലയിരുത്തൽ; ആശയവിനിമയം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.
നേപ്പാളിൽ മാത്രം 826 പേരെ കാണാതായതായി ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പറയുന്നു. ഇതിൽ 590 പേർ വിനോദസഞ്ചാരികളാണ്. കാണാതായ വിദേശ വിനോദസഞ്ചാരികളിൽ 177 പേർ ഇന്ത്യക്കാരാണെന്നും നേപ്പാൾ ടൂറിസം ബോർഡ് അറിയിച്ചു.
അതേസമയം, അതിർത്തിക്കപ്പുറമുള്ള ചൈനയുടെ ടിബറ്റ് മേഖലയിലെ ഗ്യിറോങ് കൗണ്ടിയിൽ 558 പേരെ കാണാതായതായി ചൈനീസ് അധികൃതർ അറിയിച്ചു. ഇതിൽ 260 പേർ വിദേശികളാണ്. ചൈനീസ് ഭാഗത്ത് മൂന്ന് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ നേപ്പാളിലും ടിബറ്റിലുമായി കാണാതായവരുടെ എണ്ണം 1,300 കടന്നിരിക്കുകയാണ്.
ഹിമാനിയും പാറകളും തകർന്നുവീണതിനെ തുടർന്നുണ്ടായ വൻ മണ്ണിടിച്ചിലും ഡിബ്രിസ് ഫ്ലോയുമാണ് ദുരന്തത്തിന് കാരണമെന്നാണ് ശാസ്ത്രീയ വിലയിരുത്തൽ. പ്രളയത്തിൽ വീടുകൾക്കും റോഡുകൾക്കും പാലങ്ങൾക്കും വൈദ്യുതി സംവിധാനങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായി. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ച് നേപ്പാൾ സൈന്യവും മറ്റ് രക്ഷാപ്രവർത്തക സംഘങ്ങളും തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.
ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യൻ എംബസിയും നേപ്പാൾ അധികൃതരും ഏകോപിച്ച് പ്രവർത്തിക്കുകയാണ്. വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന്റെ നേതൃത്വത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും കാണാതായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ഏകോപിപ്പിക്കുകയും ചെയ്യുന്നുണ്ട്.

