മലപ്പുറം: മലപ്പുറത്തെ അകമ്പാടത്ത് നവജാത ശിശുവിനെ ആശുപത്രിയിലെ ശുചിമുറിക്കുള്ളിലെ ബക്കറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അടിമുടി ദുരൂഹത. അകമ്പാടത്തെ ഫാത്തിമ ആശുപത്രിയിലാണ് ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ചാലിയാർ സ്വദേശിയായ യുവതിക്കെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി 12 മണിയോടെയാണ് വയറുവേദനയെത്തുടർന്ന് ഭർത്താവിനും കുടുംബാംഗങ്ങൾക്കുമൊപ്പം യുവതി ആശുപത്രിയിലെത്തിയത്. ഗർഭിണിയാണെന്ന വിവരം മറച്ചുവെച്ചാണ് ഇവർ ആശുപത്രി ജീവനക്കാരോട് സംസാരിച്ചത്. തുടർന്ന് രക്തസ്രാവം കൂടിയതിനാലും ഗൈനക്കോളജിസ്റ്റ് ഇല്ലാത്തതിനാലും യുവതിയെ മറ്റൊരു ആശുപത്രിയിലേക്ക് റഫർ ചെയ്തു. ഇതിനിടെ ശുചിമുറിയിൽ കയറിയ യുവതി പ്രസവിച്ച ശേഷം കുഞ്ഞിനെ ബക്കറ്റിലിടുകയായിരുന്നുവെന്നാണ് പോലീസ് നൽകുന്ന സൂചന. വയറ്റിൽ എന്തോ പൊട്ടിയതുകൊണ്ടാണ് രക്തസ്രാവമെന്നാണ് യുവതി ആംബുലൻസ് ഡ്രൈവറോടക്കം പറഞ്ഞത്. അതിനുശേഷം ഇവർ നിലമ്പൂർ ആശുപത്രിയിലേക്ക് പോകുകയായിരുന്നു.
ചൊവ്വാഴ്ച രാവിലെ ശുചിമുറി വൃത്തിയാക്കാൻ എത്തിയ ജീവനക്കാരാണ് ബക്കറ്റിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. അന്വേഷണം ആരംഭിച്ച പോലീസ്, തലേദിവസം രാത്രി ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ യുവതിയുടേതാണ് കുഞ്ഞെന്ന് സ്ഥിരീകരിച്ചു.
നിലവിൽ നിലമ്പൂരിലെ ആശുപത്രിയിൽ പ്രസവശേഷമുള്ള നിരീക്ഷണത്തിലാണ് യുവതിയുള്ളത്. ഇവരുടെയും ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മൊഴി പോലീസ് ഉടൻ രേഖപ്പെടുത്തും.

