നിതിൻ രാജിന്റെ മരണം: മുഖ്യപ്രതി ഡോ. എം.കെ. റാം അറസ്റ്റിൽ

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് വിദ്യാർഥി നിതിൻ രാജിന്റെ മരണക്കേസിലെ മുഖ്യപ്രതി ഡോ. എം.കെ. റാമിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മാസങ്ങളായി ഒളിവിലായിരുന്ന പ്രതിയെ കർണാടകയിലെ കുടകിൽ നിന്നാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. തുടർന്ന് ചോദ്യം ചെയ്യലിനായി കണ്ണൂരിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു.

കേരള ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ സുപ്രീം കോടതിയെയും ഡോ. റാം സമീപിച്ചിരുന്നെങ്കിലും അവിടെയും ഹർജി തള്ളപ്പെട്ടു. തുടർന്ന് അന്വേഷണം ശക്തമാക്കിയ ക്രൈംബ്രാഞ്ച് ആന്ധ്രാപ്രദേശിലും കർണാടകയിലും വ്യാപക തിരച്ചിൽ നടത്തി. മൊബൈൽ ഫോൺ ഉപയോഗിക്കാതെ സ്ഥലങ്ങൾ മാറിമാറി താമസിച്ചാണ് പ്രതി പോലീസിനെ വെട്ടിക്കാൻ ശ്രമിച്ചതെന്ന് അന്വേഷണസംഘം അറിയിച്ചു.

അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായ നിതിൻ രാജ് ഏപ്രിൽ 10-നാണ് ആത്മഹത്യ ചെയ്തത്. ജാതീയ അധിക്ഷേപവും മാനസിക പീഡനവും മൂലമാണ് മകൻ ആത്മഹത്യ ചെയ്തതെന്ന് കുടുംബം ആരോപിച്ചിരുന്നു. കേസിൽ മറ്റൊരു പ്രതിയായ ഡോ. സംഗീത നമ്പ്യാർ നേരത്തെ മുൻകൂർ ജാമ്യം നേടിയിരുന്നു. ഡോ. എം.കെ. റാമിന്റെ അറസ്റ്റോടെ കേസന്വേഷണം നിർണായക ഘട്ടത്തിലേക്ക് കടന്നതായി അന്വേഷണസംഘം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *