പ്രഖ്യാപനങ്ങളൊന്നുമില്ല; ട്രംപ് ചൈന വിട്ടു

മൂന്ന് ദിവസത്തെ ചൈന സന്ദർശനം പൂർത്തിയാക്കി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഷിംഗ്ടണിലേക്ക് മടങ്ങി. സന്ദർശനം “അവിശ്വസനീയമായിരുന്നു” എന്ന് വിശേഷിപ്പിച്ച ട്രംപ്, അമേരിക്കയും ചൈനയും തമ്മിൽ മികച്ച വ്യാപാരകരാറുകൾ യാഥാർഥ്യമായെന്ന് പറഞ്ഞെങ്കിലും കരാറുകളുടെ വിശദാംശങ്ങൾ പുറത്തുവിട്ടില്ല. അമേരിക്കയിൽ നിന്ന് വിമാനങ്ങൾ, കാർഷികോത്പന്നങ്ങൾ, ഇന്ധനം എന്നിവ കൂടുതൽ വാങ്ങാൻ ചൈന സമ്മതിച്ചതായി ട്രംപ് അറിയിച്ചു.

യുഎസ്-ചൈന വ്യാപാര, നിക്ഷേപ സഹകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ചിൻപിങ്ങുമായുള്ള വ്യക്തിപരമായ ബന്ധം കൂടുതൽ ശക്തമായതായി ട്രംപ് അവകാശപ്പെട്ടു. തായ്‌വാൻ വിഷയത്തിലും ചർച്ച നടന്നതായി അദ്ദേഹം വ്യക്തമാക്കി. തായ്‌വാനിലേക്ക് ആയുധവിൽപന സംബന്ധിച്ച് അന്തിമതീരുമാനം എടുത്തിട്ടില്ലെന്നും പിന്നീട് തീരുമാനമെടുക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. തായ്‌വാന്റെ സ്വാതന്ത്ര്യത്തെ എതിർക്കുന്നുവെന്ന് ഷി ജിൻപിംഗ് വ്യക്തമാക്കിയതായി ട്രംപ് പറഞ്ഞു. എന്നാൽ അതിന് പ്രതികരിച്ച് താൻ അഭിപ്രായമൊന്നും പറഞ്ഞില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. റിപ്പബ്ലിക്കൻ ഭരണകൂടം ആയുധവിൽപനയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ടെങ്കിലും നടപടിക്രമങ്ങൾ ഇതുവരെ പൂർത്തിയായിട്ടില്ല. ട്രംപുമായുള്ള കൂടിക്കാഴ്ച ചരിത്രപരമായിരുന്നുവെന്ന് ഷി ജിൻപിംഗ് വിശേഷിപ്പിച്ചു.

ലോകത്തിലെ രണ്ട് വലിയ സാമ്പത്തിക ശക്തികൾ തമ്മിലുള്ള ബന്ധത്തിൽ പുതിയ നാഴികക്കല്ലാണിതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വിവിധ മേഖലകളിൽ പ്രായോഗിക സഹകരണം വികസിപ്പിക്കുന്നതിലും സാമ്പത്തിക-വ്യാപാര ബന്ധം ശക്തിപ്പെടുത്തുന്നതിലും പൊതുധാരണയിലെത്തിയതായും ഷി പറഞ്ഞു. ഇറാൻ വിഷയവും ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട സാഹചര്യമുമാണ് കൂടിക്കാഴ്ചയിൽ ചർച്ചയായ മറ്റൊരു പ്രധാന വിഷയം. ഇറാനെ സൈനികമായി സഹായിക്കില്ലെന്ന് ഷി സ്വകാര്യമായി ഉറപ്പുനൽകിയതായി ട്രംപ് പിന്നീട് ഫോക്സ് ന്യൂസിനോട് പറഞ്ഞെങ്കിലും ബെയ്ജിംഗ് ഇത് സ്ഥിരീകരിച്ചിട്ടില്ല. സന്ദർശനം വിജയകരമായിരുന്നുവെന്ന് ഇരുനേതാക്കളും അവകാശപ്പെട്ടെങ്കിലും പ്രധാന വിഷയങ്ങളിലൊന്നിലും ഔദ്യോഗിക കരാർപ്രഖ്യാപനങ്ങൾ ഉണ്ടായില്ല.

Leave a Reply

Your email address will not be published. Required fields are marked *