ഖമേനിയുടെ വിലാപയാത്രയ്ക്കിടെ പ്രകോപനം അരുത്; അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത മുന്നറിയിപ്പുമായി ഇറാൻ

ടെഹ്‌റാൻ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനിയുടെ ഔദ്യോഗിക സംസ്‌കാര ചടങ്ങുകൾക്ക് മുന്നോടിയായി അമേരിക്കയ്ക്കും ഇസ്രായേലിനും കടുത്ത സൈനിക മുന്നറിയിപ്പുമായി ഇറാൻ. ഖമേനിയുടെ വിലാപയാത്ര നടക്കുന്ന ദിവസങ്ങളിൽ ഇറാനെതിരെ യാതൊരുവിധ സൈനിക നീക്കങ്ങൾക്കും മുതിരരുതെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി. അത്തരം ശ്രമങ്ങൾ ഉണ്ടായാൽ ശത്രുക്കൾക്ക് ഓർക്കാപ്പുറത്തുള്ള ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാന്റെ മുതിർന്ന സൈനിക കമാൻഡർമാർ വ്യക്തമാക്കി.

ഇറാന്റെ സായുധ സേനയുടെ തന്ത്രപ്രധാനമായ ഖാത്തം അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സിന്റെ കമാൻഡർ അലി അബ്ദുള്ളാഹിയാണ് ഔദ്യോഗിക മാധ്യമങ്ങളിലൂടെ ശത്രുക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. “ഇറാന്റെ ശത്രുക്കൾ, പ്രത്യേകിച്ച് അമേരിക്കയും സയണിസ്റ്റ് ഭരണകൂടമായ ഇസ്രായേലും യാതൊരുവിധ തെറ്റായ കണക്കുകൂട്ടലുകൾക്കും മുതിരരുത്. രാജ്യത്തിനെതിരെയുള്ള ഏതൊരു ഭീഷണിക്കും അക്രമത്തിനും സൈന്യം നൽകാൻ പോകുന്ന അതിരൂക്ഷമായ തിരിച്ചടിയെക്കുറിച്ച് അവർ ചിന്തിക്കുന്നത് നന്നായിരിക്കും,” എന്ന് അലി അബ്ദുള്ളാഹി അറിയിച്ചു.

തൊട്ടുപിന്നാലെ ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും സമാനമായ പ്രതികരണവുമായി രംഗത്തെത്തി. പുതിയ പരമോന്നത നേതാവായി ചുമതലയേറ്റ മൊജ്തബ ഖമേനിയെ വധിക്കാൻ ഇസ്രായേൽ ലക്ഷ്യമിടുന്നുണ്ടെന്ന ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്ക തങ്ങളുടെ വളർത്തുനായ്ക്കളെ ചങ്ങലയ്ക്കിടണമെന്നും അല്ലാത്തപക്ഷം ഇറാൻ അവരെ പാഠം പഠിപ്പിക്കുമെന്നും അരാഗ്ചി സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.

വിവിധ ദിവസങ്ങളിലായി രാജ്യത്തെ പ്രമുഖ നഗരങ്ങളിലായാണ് ആയത്തുള്ള അലി ഖമേനിയുടെ വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്. ജൂലൈ 4-ന് തലസ്ഥാനമായ ടെഹ്‌റാനിൽ വിലാപയാത്രകൾക്ക് തുടക്കമാകും. ലക്ഷക്കണക്കിന് ജനങ്ങൾ ചടങ്ങുകളിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. ജൂലൈ 9-ന് ഖമേനിയുടെ ജന്മനാടായ മഷാദിലാണ് ഭൗതികശരീരം സംസ്‌കരിക്കുക.

Leave a Reply

Your email address will not be published. Required fields are marked *