അട്ടപ്പാടി: അട്ടപ്പാടിയിലെ ഗര്‍ഭിണികള്‍ക്കായി നടപ്പാക്കുന്ന പോഷകാഹാര പുനരധിവാസ പദ്ധതിക്ക് തുടക്കമായി. നീതി ആയോഗിന്റെ ആസ്പിരേഷണല്‍ ബ്ലോക്ക്‌സ് പ്രോഗ്രാമിന്റെ ഭാഗമായി അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്താണ് പദ്ധതി നടപ്പാക്കുന്നത്. കോട്ടത്തറ എ.ടി.ടി.എസ്.എച്ച്, പുതൂര്‍ എഫ്.എച്ച്.സി, ഷോളയൂര്‍ എഫ്.എച്ച്.സി എന്നിവിടങ്ങളിലായാണ് പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകള്‍ നടന്നത്.
പോഷകാഹാരക്കുറവുള്ള ഗര്‍ഭിണികളുടെ ആരോഗ്യം മെച്ചപ്പെടുത്തുക വഴി നവജാത ശിശുക്കളുടെ ആരോഗ്യം ഉറപ്പുവരുത്തുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ആരോഗ്യവകുപ്പ്, ഐ.സി.ഡി.എസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികവര്‍ഗ വികസന വകുപ്പ്, കുടുംബശ്രീ എന്നിവയുടെ ഏകോപനത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
കോട്ടത്തറ എ.ടി.ടി.എസ്.എച്ചില്‍ നടന്ന ചടങ്ങില്‍ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അലന്‍ അഗളി മേഖലയിലേക്കുള്ള ഭക്ഷണം കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ തുളസി ആനന്ദ്, എച്ച്.എം.സി അംഗം സെന്തില്‍ കുമാര്‍, ബി.എം.ഒ ഡോ. രേഷ്മ, സീനിയര്‍ നഴ്സിങ് ഓഫീസര്‍ അമ്പിളി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ സുബൈറ, വിദ്യശ്രീ, എന്‍.ആര്‍.സി ന്യൂട്രീഷനിസ്റ്റ് മുര്‍ഷിദ്, സോഷ്യല്‍ വര്‍ക്കര്‍ ടോണി, അട്ടപ്പാടി നോഡല്‍ ഓഫീസര്‍ ഡോ. ഷിജിന്‍ ജോണ്‍ ആളൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

