രുചിയൂറും വിഭവങ്ങളുമായി സംസ്ഥാന ശാസ്‌ത്രോത്സവ ഊട്ടുപുര സജീവം

പാലക്കാട്: സംസ്ഥാന സ്‌കൂള്‍ ശാസ്‌ത്രോത്സവത്തിനെത്തുന്നവര്‍ക്ക് വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കി ഊട്ടുപുര പ്രവര്‍ത്തനം സജീവമായി. തെങ്കര അരയങ്കോട് യൂണിറ്റി എ.യു.പി സ്‌കൂളിലാണ് ഊട്ടുപുരയും 1000 പേര്‍ക്ക് ഒന്നിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഒരുക്കിയിരിക്കുന്നത്. രാവിലെ 750 പേര്‍ക്ക് ഇഡ്ഡലി, സാമ്പാര്‍, ചട്ണി, ചായ എന്നിവ പ്രഭാതഭക്ഷണമായി നല്‍കി. ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, മോരുകറി, തോരന്‍, കൂട്ടുകറി, അച്ചാര്‍, പപ്പടം, പാലട പായസം എന്നിവയാണ് 2200 പേര്‍ക്കായി തയ്യാറാക്കിയത്. രാത്രി 4000 പേര്‍ക്ക് ചപ്പാത്തിയും വെജിറ്റബിള്‍ കറിയുമാണ് ഒരുക്കുന്നത്.

മത്സരാര്‍ഥികള്‍ക്കായുള്ള ഭക്ഷണം അതത് വേദികളില്‍ കൃത്യസമയത്ത് എത്തിച്ചുനല്‍കുന്നുണ്ട്. കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 110 പേര്‍ക്കും മണ്ണാര്‍ക്കാട് എം.ഇ.എസ് എച്ച്.എസ്.എസില്‍ 650 പേര്‍ക്കും എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 100 പേര്‍ക്കും ഭക്ഷണം വിതരണം ചെയ്തു. ഹരിതചട്ടം പാലിക്കുന്നതിന്റെ ഭാഗമായി സ്റ്റീല്‍ പാത്രങ്ങളിലാണ് ഭക്ഷണം നല്‍കുന്നത്. ഒപ്പം എല്ലാ വേദികളിലും കുടിക്കാന്‍ തിളപ്പിച്ചാറിയ വെള്ളവും ഉറപ്പാക്കിയിട്ടുണ്ട്. ഭക്ഷണ കമ്മിറ്റി ചെയര്‍മാന്‍ സി. റഷീദ് ആലായന്‍, കണ്‍വീനര്‍ സിദ്ദീഖ് പാറോക്കോട് എന്നിവരുടെ നേതൃത്വത്തിലാണ് ഊട്ടുപുരയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *