ചെന്നൈ: തമിഴ്നാട്ടിലെ കരൂരിൽ വിജയ്യുടെ നേതൃത്വത്തിൽ നടന്ന രാഷ്ട്രീയ റാലിക്കിടെയുണ്ടായ ആൾക്കൂട്ട ദുരന്തത്തിന് ഒരു വർഷം. ദുരന്തത്തിൽ മരിച്ച 41 പേരെ അനുസ്മരിച്ച് തമിഴ്നാട് മുഖ്യമന്ത്രി കൂടിയായ ടി.വി.കെ. അധ്യക്ഷൻ സി. ജോസഫ് വിജയ് സമൂഹമാധ്യമത്തിലൂടെ അനുശോചനം രേഖപ്പെടുത്തി. 2025 സെപ്റ്റംബർ 27നാണ് കരൂർ വേലുസാമിപുരത്ത് റാലിക്കിടെ ദുരന്തമുണ്ടായത്. 100ലേറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.
“മുറിവുണങ്ങാത്തതും വേദന അവസാനിക്കാത്തതുമായ ദിനം” എന്നാണ് വിജയ് അനുസ്മരണ സന്ദേശത്തിൽ സംഭവത്തെ വിശേഷിപ്പിച്ചത്. ദുരന്തത്തിൽ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പാർട്ടി പ്രവർത്തകർക്കുമൊപ്പമാണ് തങ്ങളെന്നും അദ്ദേഹം പറഞ്ഞു.
കരൂരിൽ ദുരന്തത്തിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മരിച്ചവരുടെ ബന്ധുക്കളും ടി.വി.കെ. പ്രവർത്തകരും അനുസ്മരണ പരിപാടികൾ നടത്തി. മെഴുകുതിരി തെളിച്ചും മരിച്ചവരുടെ പേരുകൾ ഉൾപ്പെടുത്തിയ വേദിയിൽ ആദരാഞ്ജലി അർപ്പിച്ചുമായിരുന്നു പരിപാടികൾ.
സംഭവത്തെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി നിർദേശപ്രകാരം സി.ബി.ഐയാണ് നടത്തുന്നത്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനവുമായി ബന്ധപ്പെട്ട നിയമനടപടികളും തുടരുകയാണ്. മദ്രാസ് ഹൈക്കോടതി തീരുമാനം റദ്ദാക്കിയതിനെതിരെ സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ സുപ്രീംകോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിട്ടുണ്ട്.

