കൊച്ചി: വാഹനക്കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖൂർ അന്വേഷണത്തിന്റെ ഭാഗമായി ഭൂട്ടാൻ കസ്റ്റംസ് സംഘം കേരളത്തിലെത്തി. ഇന്ന് മൂന്നാറിൽ നടക്കുന്ന ഉയർന്നതല യോഗത്തിൽ നിർണായക വിവരങ്ങൾ ചർച്ചയാകും.
ഭൂട്ടാൻ കസ്റ്റംസ് കമ്മീഷണർ ഉൾപ്പെടെ 10 ഉന്നത ഉദ്യോഗസ്ഥരാണ് സംസ്ഥാനത്ത് എത്തിയിരിക്കുന്നത്. ഇന്ത്യയിലും ഭൂട്ടാനിലുമായി ഏകദേശം 25 ഉദ്യോഗസ്ഥർ പങ്കെടുക്കുന്ന യോഗത്തിൽ ഇരു രാജ്യങ്ങളിലെയും വാഹനക്കള്ളക്കടത്തുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ കൈമാറുകയും വിശകലനം ചെയ്യുകയും ചെയ്യും.
ഓപ്പറേഷൻ നുംഖൂറിലൂടെ കേരളത്തിൽ നിന്ന് മാത്രം 50-ലധികം വാഹനങ്ങൾ പിടിച്ചെടുത്തതായി കണ്ടെത്തിയിട്ടുണ്ട്. ഭൂട്ടാനിൽ നിന്ന് ഏകദേശം 15,000 വാഹനങ്ങൾ കടത്തിയതായി അന്വേഷണത്തിൽ സൂചനയുണ്ട്. ഇവയിൽ പലതും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വ്യാജ രജിസ്ട്രേഷൻ നടത്തി രാജ്യത്താകമാനം വിറ്റഴിക്കപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇതുവഴി കോടിക്കണക്കിന് രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി സംശയിക്കുന്നു
സൂപ്പർ കാറുകളും ബൈക്കുകളും ഉൾപ്പെടെ ഉയർന്ന വിലയുള്ള വാഹനങ്ങളാണ് കടത്തിയതെന്നും റിപ്പോർട്ടുണ്ട്. നികുതി വെട്ടിച്ചുള്ള വാഹനക്കടത്ത് തടയുന്നതിനുള്ള കൂടുതൽ നടപടികളും യോഗത്തിൽ പരിഗണിക്കുമെന്ന് അറിയുന്നു.
2025ൽ ആരംഭിച്ച ഈ പ്രത്യേക കസ്റ്റംസ് നടപടിയാണ് ഓപ്പറേഷൻ നുംഖൂർ. ഭൂട്ടാനിൽ നിന്ന് വ്യാജ രേഖകൾ ഉപയോഗിച്ച് വാഹനങ്ങൾ ഇന്ത്യയിൽ എത്തിച്ച് നികുതി വെട്ടിപ്പ് നടത്തിയ വലിയ ശൃംഖലയെ കണ്ടെത്തുന്നതിനാണ് ഈ നടപടി ആരംഭിച്ചത്

