ജമ്മു: ജമ്മു കശ്മീരിലെ രാജൗരി ജില്ലയിൽ സുരക്ഷാസേന നടത്തുന്ന ‘ഓപ്പറേഷൻ ഷെരുവാലി’ അന്തിമഘട്ടത്തിലേക്ക് കടന്നു. ഭീകരർ ഒളിച്ചിരിക്കുന്നതായി സംശയിക്കുന്ന കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് സുരക്ഷാസേന ശക്തമായ ആക്രമണം തുടരുന്നതിനിടെ ഒരു ഭീകര താവളം തകർത്തതായി അധികൃതർ അറിയിച്ചു.
രാജൗരിയിലെ ദോരിമാൽ–ഗംഭീർ മൊഗ്ലാ വനമേഖലയിൽ സൈന്യം, ജമ്മു കശ്മീർ പൊലീസ്, സിആർപിഎഫ് എന്നിവയുടെ സംയുക്ത നേതൃത്വത്തിലാണ് ഓപ്പറേഷൻ നടക്കുന്നത്. രഹസ്യവിവരങ്ങളുടെ അടിസ്ഥാനത്തിൽ ആരംഭിച്ച നീക്കത്തിനിടെ ഭീകരരുമായി ഏറ്റുമുട്ടൽ ഉണ്ടായതിനെ തുടർന്ന് വ്യാപകമായ തിരച്ചിൽ തുടരുകയാണ്. രണ്ട് മുതൽ മൂന്ന് വരെ ഭീകരർ മേഖലയിൽ ഒളിച്ചിരിക്കുന്നതായാണ് പ്രാഥമിക നിഗമനം.
തിങ്കളാഴ്ച നടത്തിയ ആക്രമണത്തിൽ ഒരു ഒളിത്താവളം കണ്ടെത്തി നശിപ്പിച്ചിരുന്നു. അവിടെ നിന്ന് ഭക്ഷ്യവസ്തുക്കൾ, വസ്ത്രങ്ങൾ, മറ്റ് സാമഗ്രികൾ എന്നിവ കണ്ടെത്തിയതായും ഭീകരരുടെ സാന്നിധ്യം സൂചിപ്പിക്കുന്ന രക്തക്കറകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. ചൊവ്വാഴ്ച ഭീകരർ ഉപയോഗിച്ചിരുന്നതായി കരുതുന്ന മറ്റ് ഒളിത്താവളങ്ങൾ ലക്ഷ്യമിട്ട് സുരക്ഷാസേന ശക്തമായ ഫയർ അസോൾട്ട് നടത്തി.
ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ, സ്നിഫർ ഡോഗുകൾ എന്നിവയുടെ സഹായത്തോടെ വനമേഖലയിൽ വ്യാപക പരിശോധന തുടരുകയാണ്. കൂടുതൽ സൈനികരെയും മേഖലയിലേക്ക് വിന്യസിച്ചിട്ടുണ്ട്. ഭീകരരെ വളഞ്ഞതായി സുരക്ഷാസേന കരുതുന്ന സാഹചര്യത്തിൽ ഓപ്പറേഷൻ നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. ഭീകരരെ കണ്ടെത്തി നിർവീര്യമാക്കുന്നതുവരെ നടപടികൾ തുടരുമെന്ന് അധികൃതർ അറിയിച്ചു.

