വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഇന്ന്; ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് പ്രാധാന്യം

തിരുവനന്തപുരം: മുഖ്യമന്ത്രി വി ഡി സതീശൻ നയിക്കുന്ന യുഡിഎഫ് സർക്കാരിന്റെ ആദ്യ നയപ്രഖ്യാപന പ്രസംഗം ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഗവർണറുടെ നയപ്രഖ്യാപനത്തിൽ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളായ ‘ഇന്ദിരാ ഗ്യാരന്റി’ പദ്ധതികൾക്ക് പ്രത്യേക ഊന്നൽ നൽകുമെന്നാണ് സൂചന.

സ്ത്രീകൾക്കുള്ള സൗജന്യ കെഎസ്ആർടിസി യാത്ര, വയോജന ക്ഷേമത്തിനായി പ്രത്യേക ജെറിയാട്രിക് വകുപ്പ്, ആശാ പ്രവർത്തകരുടെയും അങ്കണവാടി ജീവനക്കാരുടെയും ആനുകൂല്യ വർധന ഉൾപ്പെടെയുള്ള പദ്ധതികൾ സർക്കാർ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ തുടർനടപടികളും ക്ഷേമ-വികസന അജണ്ടയും നയപ്രഖ്യാപനത്തിൽ വിശദമായി ഉൾപ്പെടുമെന്നാണ് വിവരം. സാമ്പത്തിക പ്രതിസന്ധിയും ധനകാര്യ നിയന്ത്രണങ്ങളും പരിഗണിച്ച് ഘട്ടംഘട്ടമായാണ് പദ്ധതികൾ നടപ്പാക്കുകയെന്ന് സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ ക്ഷേമപദ്ധതികൾക്കൊപ്പം സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനം, തൊഴിൽ സൃഷ്ടി, അടിസ്ഥാന സൗകര്യ വികസനം, സാമൂഹിക സുരക്ഷാ പദ്ധതികൾ തുടങ്ങിയ വിഷയങ്ങളും നയപ്രഖ്യാപനത്തിൽ ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ.

സർക്കാരിന്റെ വരുംകാല ഭരണനയങ്ങളും നിയമനിർമാണ മുൻഗണനകളും വ്യക്തമാക്കുന്ന രേഖയായാണ് ആദ്യ നയപ്രഖ്യാപനത്തെ രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. യുഡിഎഫ് തിരഞ്ഞെടുപ്പ് പ്രകടനപത്രികയിൽ മുന്നോട്ടുവെച്ച ‘ഇന്ദിരാ ഗ്യാരന്റി’ വാഗ്ദാനങ്ങൾ നടപ്പാക്കാനുള്ള റോഡ്‌മാപ്പും പ്രസംഗത്തിൽ അവതരിപ്പിക്കപ്പെടുമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *