തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിനായി ‘ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട്’ പദ്ധതി ആരംഭിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അറിയിച്ചു. ജൂൺ ഒന്നുമുതൽ പദ്ധതി നടപ്പാക്കുമെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയ്ക്കുശേഷമാണ് മന്ത്രി അറിയിച്ചത്. കെമിക്കൽ ലഹരി, ഹൈബ്രിഡ് കഞ്ചാവ് എന്നിവയുടെ വിൽപ്പന പൂർണമായും അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
സ്കൂളുകളുടെ പരിസരങ്ങളിൽ പുകയില ഉത്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെയും കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടൻ തയ്യാറാക്കുമെന്നും മറ്റ് സംസ്ഥാനങ്ങളിലെ ഡിജിപിമാരുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ സമൂല മാറ്റങ്ങൾ കൊണ്ടുവരുമെന്നും മന്ത്രി അറിയിച്ചു. സ്റ്റേഷനുകളിൽ എത്തുന്നവരെ സൗഹൃദപരമായി സ്വീകരിക്കുക, പരിസരം വൃത്തിയാക്കുക, കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കുക, പരാതികൾ സമചിത്തതയോടെ കേൾക്കുക തുടങ്ങിയ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിലൂടെ പോലീസ് സ്റ്റേഷനുകൾ ജനസേവന കേന്ദ്രങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും വ്യക്തമാക്കി.
പോലീസ് പരിശീലന സിലബസിൽ പരിഷ്കാരങ്ങൾ കൊണ്ടുവരുന്നതും സ്റ്റേഷൻ ചുമതല എസ്ഐമാർക്ക് നൽകുന്നതും പരിഗണനയിലാണെന്ന് മന്ത്രി പറഞ്ഞു. ലഹരിമാഫിയയെ നിയന്ത്രിക്കുന്നതിന് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയും അദ്ദേഹം അഭ്യർഥിച്ചു.

