വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൾ ഇവാങ്ക ട്രംപിനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഇറാഖ് സ്വദേശിയായ മുഹമ്മദ് ബാഖിർ സാദ് ദാവൂദ് അൽ-സാദിയെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. ഇറാൻ അനുകൂല സംഘടനയായ കതാഇബ് ഹെസ്ബൊല്ലയുമായി ഇയാൾക്ക് ബന്ധമുണ്ടെന്നാണ് അമേരിക്കൻ അന്വേഷണ ഏജൻസികൾ സംശയിക്കുന്നത്.
2020-ൽ ഇറാനിയൻ സൈനിക മേധാവി ഖാസിം സുലൈമാനി അമേരിക്കൻ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിന് പ്രതികാരമായാണ് ട്രംപ് കുടുംബത്തെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോർട്ടുകൾ. ഇവാങ്ക ട്രംപിന്റെ ഫ്ലോറിഡയിലെ വസതിയുടെ രൂപരേഖയും പരിസരത്തിന്റെ മാപ്പും ഇയാളുടെ കൈവശം ഉണ്ടായിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മെയ് 15-ന് തുർക്കിയിൽവച്ചാണ് അൽ-സാദിയെ പിടികൂടിയത്. തുടർന്ന് അമേരിക്കയിലേക്ക് കൈമാറിയ ഇയാളെ മാൻഹട്ടൻ ഫെഡറൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. യുഎസിലും യൂറോപ്പിലുമായി നടന്ന വിവിധ ആക്രമണശ്രമങ്ങളുമായി ബന്ധപ്പെട്ടും ഇയാൾക്കെതിരെ അന്വേഷണം പുരോഗമിക്കുകയാണെന്ന് റിപ്പോർട്ടുകളിൽ പറയുന്നു.

