ഓർമ്മ അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 രജിസ്ട്രേഷൻ ആരംഭിച്ചു; 10 ലക്ഷം രൂപയുടെ കാഷ് പ്രൈസ്

ഫിലാഡൽഫിയ: ലോകമെമ്പാടുമുള്ള മലയാളി സ്കൂൾ–കോളേജ് വിദ്യാർത്ഥികളുടെ പ്രസംഗശേഷിയും നേതൃത്വഗുണങ്ങളും വളർത്തുക എന്ന ലക്ഷ്യത്തോടെ ഓർമ്മ ഇന്റർനാഷണൽ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പ്രസംഗമത്സരം സീസൺ 4 (2026–27)-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. വേൾഡ് മലയാളി ഫെഡറേഷന്റെ (WMF) സജീവ സഹകരണത്തോടെയാണ് ഇത്തവണ മത്സരം സംഘടിപ്പിക്കുന്നത്. കേരള സർക്കാരിന്റെ ‘ഓപ്പറേഷൻ തൂഫാൻ’ ലഹരിവിരുദ്ധ പ്രചാരണത്തിന് പിന്തുണ പ്രഖ്യാപിച്ച് ലഹരിക്കെതിരെയുള്ള ബോധവത്കരണമാണ് ഈ വർഷത്തെ മത്സരത്തിന്റെ മുഖ്യ സന്ദേശം.

സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മലയാളത്തിലും ഇംഗ്ലീഷിലുമാണ് മത്സരങ്ങൾ നടക്കുന്നത്. ഇത്തവണ പുതുതായി ഉൾപ്പെടുത്തിയ സബ് ജൂനിയർ വിഭാഗത്തിൽ 4 മുതൽ 6 വരെയുള്ള ഗ്രേഡുകളിലെ വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. 7 മുതൽ 10 വരെ ഗ്രേഡുകളിലുള്ളവർ ജൂനിയർ വിഭാഗത്തിലും, 11-ാം ഗ്രേഡ് മുതൽ ഡിഗ്രി അവസാനവർഷം വരെയുള്ളവർ സീനിയർ വിഭാഗത്തിലുമാണ് മത്സരിക്കേണ്ടത്. ആദ്യ റൗണ്ടിലേക്ക് രജിസ്റ്റർ ചെയ്യുന്നതിനൊപ്പം നിശ്ചിത വിഷയത്തെ ആസ്പദമാക്കി മൂന്നു മിനിറ്റിൽ കവിയാത്ത പ്രസംഗ വീഡിയോ ഡിസംബർ 15-നകം സമർപ്പിക്കണം. മലയാളത്തിൽ “സ്വപ്നങ്ങൾ തിരഞ്ഞെടുക്കാം, ജീവിതം തിരഞ്ഞെടുക്കാം, നാശത്തിന്റെ ലഹരി ഉപേക്ഷിക്കാം” എന്നതും ഇംഗ്ലീഷിൽ “Choose Dreams, Choose Life, Say No to Drugs” എന്നതുമാണ് ആദ്യ റൗണ്ടിലെ വിഷയങ്ങൾ.

സബ് ജൂനിയർ വിഭാഗത്തിലെ ഫൈനൽ ഉൾപ്പെടെയുള്ള മത്സരങ്ങൾ പൂർണമായും ഓൺലൈനായിരിക്കും. ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെടുന്ന ഫൈനലിസ്റ്റുകൾക്കായി 2027 ഓഗസ്റ്റ് 7-ന് കോട്ടയം പാലായിൽ വെച്ച് ഓൺ-സ്റ്റേജ് ഗ്രാൻഡ് ഫിനാലെ നടക്കും. മത്സരത്തിന്റെ ഓരോ ഘട്ടത്തിലും സൗജന്യ പ്രസംഗപരിശീലനവും മെന്ററിംഗും ലഭ്യമാക്കും. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്.

വിവിധ വിഭാഗങ്ങളിലായി ആകെ പത്തുലക്ഷം രൂപയുടെ കാഷ് പ്രൈസുകളും ട്രോഫികളും സർട്ടിഫിക്കറ്റുകളുമാണ് വിജയികൾക്ക് ലഭിക്കുക. സീനിയർ വിഭാഗത്തിലെ ഏറ്റവും മികച്ച പ്രഭാഷകന് ‘ORMA Orator of the Year 2026’ ഗ്രാൻഡ് പ്രൈസായി അറ്റോർണി ജോസഫ് കുന്നേൽ സ്പോൺസർ ചെയ്യുന്ന ഒരു ലക്ഷം രൂപ ലഭിക്കും. സീനിയർ വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ഒന്നാം സമ്മാനമായി 50,000 രൂപ വീതവും, ജൂനിയർ വിഭാഗത്തിൽ 25,000 രൂപ വീതവും, സബ് ജൂനിയർ വിഭാഗത്തിൽ 15,000 രൂപ വീതവും നൽകും. കൂടാതെ രണ്ടും മൂന്നും നാലും അഞ്ചും സ്ഥാനക്കാർക്ക് ആകർഷകമായ സമ്മാനങ്ങളും പ്രോത്സാഹന പുരസ്കാരങ്ങളുമുണ്ടാകും.

സിനർജി കൺസൾട്ടൻസിയിലെ ഡോ. ബെന്നി കുര്യൻ, സോയി തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രസംഗപരിശീലനം നടക്കുക. ജോർജ് കരുണയ്ക്കൽ, പ്രൊഫ. ടോമി ചെറിയാൻ എന്നിവർ മെന്റർമാരായി പ്രവർത്തിക്കും. ഡോ. നാരായണ കുറുപ്പ്, ഡോ. ടെസ്സി തോമസ്, ഡോ. അജയ് നായർ, ഡോ. ജാൻസി ജെയിംസ്, ഡോ. ബാബു സെബാസ്റ്റ്യൻ, ഡോ. ബിന്ദു ആലപ്പാട്ട്, ഡോ. വിപിൻ വി. റോൾഡന്റ്, നിപിൻ നിരവത്ത്, ലാൽ ജോസ് എന്നിവരടങ്ങുന്ന വിദഗ്ധ സമിതിയാണ് അഡ്വൈസറി ബോർഡിലുള്ളത്.

കേരളത്തിൽ ‘വാഗ്മിത്വത്തിലേക്ക് ഒരു ചുവട്’ എന്ന പേരിൽ ആരംഭിച്ച പ്രചാരണ പരിപാടികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി എം. ജോൺ, മോൻസ് ജോസഫ്, ഡോ. ശശി തരൂർ എന്നിവർ പിന്തുണയും ആശംസകളും അറിയിച്ചു. സംഘാടനത്തിന് ഓർമ്മ ഭാരവാഹികളായ സജി സെബാസ്റ്റ്യൻ, ജോസ് ആറ്റുപുറം, ക്രിസ്റ്റി എബ്രഹാം, റോഷിൻ പ്ലാമൂട്ടിൽ, ജോസ് തോമസ്, വിൻസെന്റ് ഇമ്മാനുവൽ, അരുൺ കോവാട്ട്, പി.ആർ.ഒ. മെർളിൻ മേരി അഗസ്റ്റിൻ, കേരള ഘടകം ഭാരവാഹികളായ കുര്യാക്കോസ് മണിവയലിൽ, എബി ജെ. ജോസ്, ഷാജി അഗസ്റ്റിൻ ആറ്റുപുറം, ഡബ്ല്യു.എം.എഫ് ഭാരവാഹികളായ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ, ഡോ. ആനി ലിബു എന്നിവർ നേതൃത്വം നൽകുന്നു.

രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കുമായി www.ormaspeech.org എന്ന വെബ്സൈറ്റോ +1 412 656 4853, +91 7907810571 എന്നീ വാട്സ്ആപ്പ് നമ്പറുകളോ ഉപയോഗിക്കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *