ഹൈദരാബാദ്: അജയ് ഭൂപതിയുടെ ‘RX 100’, ‘ഗാങ് ലീഡർ’, അജിത്തിന്റെ ‘വാലിമൈ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ തെലുങ്ക് യുവതാരം കാർത്തികേയ ഗുമ്മകൊണ്ട സംവിധായകനാകുന്നു. ഒരു ഇടവേളക്ക് ശേഷം എത്തുന്ന കാർത്തികേയ നായകനാകുന്ന ‘കം ബാക്ക്’ എന്ന ചിത്രത്തിലൂടെയാണ് സംവിധായകനായുള്ള അരങ്ങേറ്റം. ഹൈ-വോൾട്ടേജ് ആക്ഷൻ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നതും കാർത്തികേയ തന്നെയാണ്.
കാർത്തികേയ ക്രിയേറ്റീവ് വർക്ക്സിന്റെ ബാനറിൽ താരത്തിന്റെ ഭാര്യ ലോഹിത റെഡ്ഡിയാണ് ചിത്രം നിർമ്മിക്കുന്നത്. ‘ആർ എക്സ് 100’ന് ശേഷം പാൻ ഇന്ത്യൻ തലത്തിലെത്തുന്ന കാർത്തികേയ ചിത്രം കൂടിയാണിത്. കാർത്തികേയയുടെ ജന്മദിനമായ സെപ്റ്റംബർ 21-ന് ചിത്രത്തിന്റെ ഗ്ലിംപ്സ് പങ്കുവെച്ചുകൊണ്ടാണ് അണിയറപ്രവർത്തകർ ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
ചിത്രത്തിൽ ഒരു ബോക്സിങ് താരമായാണ് കാർത്തികേയ വേഷമിടുന്നത്. റിങ്ങിൽ നിന്ന് മൂന്ന് വർഷം മാറിനിന്ന ശേഷം തിരിച്ചുവരവിന് ശ്രമിക്കുന്ന ഒരു ബോക്സറുടെ അതിജീവന കഥയാണ് ചിത്രം പറയുന്നത്. കഥാപാത്രത്തിനായി താരം വലിയ ശാരീരിക മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് പുറത്തുവന്ന ഗ്ലിംപ്സ് വ്യക്തമാക്കുന്നു. ചിത്രം 2027-ൽ തീയേറ്ററുകളിൽ എത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
വിജയ് ബൾഗാനിൻ സംഗീതവും ജഗദീഷ് ചീകട്ടി ഛായാഗ്രഹണവും നിർവഹിക്കുന്നു. കെ.ആർ. കുമാർ മന്നെയാണ് പ്രൊഡക്ഷൻ ഡിസൈനർ. കല്യാൺ സൂര്യപ്രകാശ് എഡിറ്റിങ്ങും ശിൽപ തങ്കുതുരു കോസ്റ്റ്യൂം ഡിസൈനിങ്ങും നിർവഹിക്കുന്നു. ക്രിയേറ്റീവ് ഡയറക്ടർ: സൂര്യ അകെല്ല, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സുധീർ തെലപ്രോളു, സംഘട്ടനം: റിയൽ സതീഷ്, പൃഥ്വി, നൃത്തസംവിധാനം: ഭാനു, പി.ആർ.ഒ: പി.ശിവപ്രസാദ്, പുളകം ചിന്നരായ, ഡിജിറ്റൽ മാർക്കറ്റിങ്: ട്രെൻഡി ടോളി (തനയ് സൂര്യ), ടോക്ക് സ്കൂപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

