പാലക്കാട്: ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കും തൊഴിൽ നൽകുന്നതിനായി സംസ്ഥാനത്ത് ആരംഭിക്കുന്ന 100 ‘ഏബിൾ പോയിന്റ്’ ഔട്ട്‌ലെറ്റ് പദ്ധതിയിലെ ജില്ലയിലെ ആദ്യ യൂണിറ്റ് പ്രവർത്തനമാരംഭിച്ചു. സുൽത്താൻപേട്ട് കോളേജ് റോഡിലെ ജില്ലാ ആയുർവേദ ആശുപത്രിയിലാണ് കാന്റീൻ മാതൃകയിലുള്ള ആദ്യ ഏബിൾ പോയിന്റ് തുറന്നത്. ഭിന്നശേഷി ക്ഷേമ കോർപ്പറേഷനും ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘവും ചേർന്ന് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ബി. രാജു ഔട്ട്‌ലെറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു. ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ജയകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഭാരതീയ ഖാദി ഗ്രാമ വ്യവസായ സഹകരണ സംഘം പ്രസിഡന്റ് കെ. കേശവദാസ്, അഡ്വ. ആശീഷ് മൂത്തേടത്ത്, അനുരൂപ്, ഏബിൾ പോയിന്റ് പ്രതിനിധികളായ ഫസറുദീൻ, ജസീൻ എന്നിവർ പങ്കെടുത്തു.
‘എബിലിറ്റി ബിയോണ്ട് ലിമിറ്റ്‌സ്’ പദ്ധതിക്ക് കീഴിൽ ഭിന്നശേഷിക്കാരായ വ്യക്തികളുടെ സാമൂഹിക ഉൾപ്പെടുത്തലും സാമ്പത്തിക ശാക്തീകരണവും ലക്ഷ്യമിട്ടാണ് നൂറ് ഔട്ട്‌ലെറ്റുകളുടെ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിക്കുന്നത്. രാജ്യത്താദ്യമായാണ് ഭിന്നശേഷിക്കാർക്കും ഓട്ടിസം ബാധിച്ച കുട്ടികളുടെ രക്ഷിതാക്കൾക്കുമായി ഇത്തരമൊരു സംരംഭം ആരംഭിക്കുന്നത്.
ഖാദി ബോർഡുമായി ബന്ധപ്പെട്ട കരകൗശല തൊഴിലാളികൾ, നെയ്ത്തുകാർ, സ്ത്രീകൾ നയിക്കുന്ന കുടിൽ വ്യവസായങ്ങൾ എന്നിവർക്ക് സുസ്ഥിര വിപണി ശൃംഖല സൃഷ്ടിക്കാൻ പദ്ധതിയിലൂടെ സാധിക്കും. ജനസാന്ദ്രതയുള്ള സ്ഥലങ്ങൾ, ജില്ലാ ഭരണകൂട കേന്ദ്രങ്ങൾ, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജില്ലാ-താലൂക്ക് ആശുപത്രി പരിസരങ്ങൾ, പാർക്കുകൾ, വിനോദസഞ്ചാര കേന്ദ്രങ്ങൾ, പ്രമുഖ ആരാധനാലയങ്ങൾ എന്നിവിടങ്ങളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളാണ് ഏബിൾ പോയിന്റ് വിൽപനശാലകൾക്കായി ഉപയോഗിക്കുന്നത്.

