പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പ് തോൽവി വിലയിരുത്താൻ ചേർന്ന സിപിഎം പാലക്കാട് ഏരിയാ കമ്മിറ്റി യോഗത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുംതിരെ രൂക്ഷ വിമർശനം ഉയർന്നു. പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’, ‘ഡാഷ് മോനെ’ തുടങ്ങിയ പരാമർശങ്ങൾ പാർട്ടിക്ക് തിരിച്ചടിയായെന്നാണ് യോഗത്തിൽ അംഗങ്ങൾ അഭിപ്രായപ്പെട്ടത്.
പിണറായി വിജയന്റെ പരുഷമായ ഭാഷയും എം.വി. ഗോവിന്ദന്റെ ശരീരഭാഷയും പാർട്ടിയുടെ വലിയ തോൽവിക്ക് കാരണമായതായി യോഗത്തിൽ വിമർശനം ഉയർന്നു. മുൻകാല വിവാദ പരാമർശങ്ങളും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി.
എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകളെ മുഖ്യമന്ത്രി തള്ളിപ്പറയാതിരുന്നത് ന്യൂനപക്ഷ ഏകീകരണത്തിന് വഴിവെച്ചുവെന്നും ഇത് തോൽവിയുടെ ആഘാതം വർധിപ്പിച്ചുവെന്നുമാണ് യോഗത്തിലെ വിലയിരുത്തൽ. എം.വി. ഗോവിന്ദന്റെ നിലപാടുകളിലും വ്യക്തത കുറവുണ്ടെന്നും പാർട്ടിക്കുള്ളിലെ പ്രശ്നങ്ങൾ അടിയന്തരമായി പരിഹരിക്കണമെന്നും അഭിപ്രായം ഉയർന്നു.

