ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ശ്രീ പി. നാരായണൻ (നാരായൺജി) രാജ്യത്തിന്റെ രണ്ടാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മവിഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി. ന്യൂഡൽഹി രാഷ്ട്രപതി ഭവനിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം സ്വീകരിച്ചത്. സാഹിത്യം, വിദ്യാഭ്യാസം, മാധ്യമരംഗം എന്നിവയ്ക്ക് നൽകിയ അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് അദ്ദേഹത്തെ ഈ പരമോന്നത ബഹുമതി നൽകി രാജ്യം ആദരിച്ചത്.
ജന്മഭൂമി ദിനപത്രത്തിന്റെ മുൻ മുഖ്യപത്രാധിപരും സഹസ്ഥാപകനുമായ അദ്ദേഹം, ദീർഘകാലമായി മാധ്യമ-സാംസ്കാരിക രംഗത്ത് സജീവ സാന്നിധ്യമാണ്. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ കാലം പ്രസിദ്ധീകരിച്ച വാരാദ്യ ലേഖന പരമ്പരകളിലൊന്നായ ‘സംഘപഥ’ത്തിന്റെ രചയിതാവ് കൂടിയാണ് അദ്ദേഹം. പത്തോളം സ്വന്തം പുസ്തകങ്ങളും നൂറിലധികം കൃതികളുടെ വിവർത്തനങ്ങളും അദ്ദേഹത്തിന്റേതായി പുറത്തുവന്നിട്ടുണ്ട്. ഒൻപത് പതിറ്റാണ്ട പിന്നിട്ട തന്റെ ജീവിതത്തിലെ സമാനതകളില്ലാത്ത പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമായാണ് ഈ പത്മവിഭൂഷൺ പുരസ്കാരം.


