ന്യൂയോർക്ക്: ഐക്യരാഷ്ട്രസഭ യോഗത്തിൽ പാകിസ്ഥാൻ വീണ്ടും കശ്മീർ വിഷയം ഉന്നയിച്ചതിനെതിരെ ശക്തമായ അപലപനവുമായി ഇന്ത്യ. ഇസ്ലാമാബാദ് യു എൻ വേദിയെ ബോധപൂർവ്വം രാഷ്ട്രീയവൽക്കരിക്കുകയാണെന്നും, നിഷ്പക്ഷമായി നിലപാടെടുക്കേണ്ട സഹ-അധ്യക്ഷ സ്ഥാനം അവർ ദുരുപയോഗം ചെയ്തുവെന്നും ഇന്ത്യ കടുത്ത ഭാഷയിൽ വിമർശിച്ചു. അന്താരാഷ്ട്ര വേദികളിൽ കശ്മീർ വിഷയം ഉന്നയിച്ച് ശ്രദ്ധ തിരിക്കാനുള്ള പാകിസ്ഥാന്റെ ശ്രമങ്ങളെ ഇന്ത്യ പൂർണ്ണമായി തള്ളി.
പാകിസ്ഥാന്റെ സ്ഥിരം പ്രതിനിധിയായ അസിം ഇഫ്തിഖർ അഹമ്മദ് ഉന്നയിച്ച അഭിപ്രായങ്ങൾക്ക് മറുപടിയായി, ഐക്യരാഷ്ട്രസഭയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി പി. ഹരീഷ് ആണ് ഈ ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചത്. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ പാകിസ്ഥാന് യാതൊരു അവകാശവുമില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം, ഇത്തരം വേദികളെ സ്വന്തം രാഷ്ട്രീയ അജണ്ടകൾക്കായി ഉപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ഓർമ്മിപ്പിച്ചു.
സഹ-അധ്യക്ഷ പദവിയിലിരിക്കുന്ന രാജ്യം പുലർത്തേണ്ട അന്തസ്സും നിഷ്പക്ഷതയും പാകിസ്ഥാൻ ലംഘിച്ചുവെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പകരം സ്വന്തം രാജ്യത്തെ ആഭ്യന്തര പ്രശ്നങ്ങളിലാണ് പാകിസ്ഥാൻ ശ്രദ്ധിക്കേണ്ടതെന്നും ഇന്ത്യൻ പ്രതിനിധി യു എൻ യോഗത്തിൽ വ്യക്തമാക്കി.

