തീരദേശ പാതയിലെ പാസഞ്ചർ ട്രെയിനുകൾ കായംകുളത്തേക്ക് നീട്ടണം; സൗഹൃദം കൂട്ടായ്മ

ആലപ്പുഴ: തീരദേശ റെയിൽവേ പാതയിലൂടെ സർവീസ് നടത്തുന്ന പാസഞ്ചർ, മെമു ട്രെയിനുകൾ കായംകുളത്തേക്ക് ദീർഘിപ്പിക്കണമെന്ന് സൗഹൃദം കൂട്ടായ്മ റെസിഡന്റ്സ് അസോസിയേഷൻ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു. രാവിലെ ആറുമണിക്കുള്ള ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി കഴിഞ്ഞാൽ ഉച്ചയ്ക്ക് ശേഷമുള്ള നേത്രാവതി എക്സ്പ്രസ് മാത്രമാണ് തെക്കൻ ദിശയിലേക്ക് സർവീസ് നടത്തുന്നത്. രാവിലെ 7:50-ന് എറണാകുളം ജംഗ്ഷനിൽ നിന്ന് പുറപ്പെടുന്ന മെമു ഉൾപ്പെടെയുള്ള ട്രെയിനുകൾ ആലപ്പുഴയിൽ യാത്ര അവസാനിപ്പിക്കുകയാണ്. ഇവ കായംകുളത്തേക്ക് നീട്ടിയാൽ വിദ്യാർത്ഥികൾക്കും ഉദ്യോഗസ്ഥർക്കും വലിയ തോതിൽ പ്രയോജനപ്പെടും.

വൈകുന്നേരം 5:35-ന് ആലപ്പുഴയിൽ നിന്ന് കൊല്ലത്തേക്ക് തിരിക്കുന്ന മെമു ട്രെയിൻ പകൽ മുഴുവൻ ആലപ്പുഴയിൽ നിർത്തിയിടാതെ കായംകുളത്തേക്ക് സർവീസ് നടത്തി മടങ്ങിയെത്താൻ മതിയായ സമയമുണ്ട്. രാത്രി 8:50-ന് എറണാകുളത്ത് സർവീസ് അവസാനിപ്പിക്കുന്ന കണ്ണൂർ ഇന്റർസിറ്റി എക്സ്പ്രസ് ആലപ്പുഴയിലേക്ക് നീട്ടണമെന്നും തിരികെ പുലർച്ചെ ആലപ്പുഴയിൽ നിന്ന് സർവീസ് ആരംഭിക്കണമെന്നുമുള്ള ദീർഘകാല ആവശ്യത്തിന്മേൽ റെയിൽവേ അടിയന്തരമായി അനുകൂല നടപടി സ്വീകരിക്കണമെന്നും ഭാരവാഹികൾ ചൂണ്ടിക്കാട്ടി. എറണാകുളം-കൊല്ലം മെമുവിന്റെ സമയക്രമത്തിൽ യാത്രക്കാർക്ക് അനുയോജ്യമായ മാറ്റങ്ങൾ വരുത്തണം. കൊച്ചി മെട്രോ ചേർത്തലയിലേക്ക് നീട്ടണമെന്ന ആവശ്യവും സംഘടന മുന്നോട്ടുവെച്ചു.

നെടുംബാശ്ശേരി, ചേരാനല്ലൂർ റോഡപകടങ്ങളിൽ മരിച്ചവരുടെ ആശ്രിതർക്ക് പ്രതികളുടെ സ്വത്തുവകകൾ കണ്ടുകെട്ടി നഷ്ടപരിഹാരം നൽകണമെന്നും ഈ വിഷയത്തിൽ ആഭ്യന്തര വകുപ്പ് മന്ത്രിയുടെ ഇടപെടൽ സ്വാഗതാർഹമാണെന്നും നേതാക്കൾ പറഞ്ഞു. ദേശീയപാതയിൽ അരൂർ, തുറവൂർ, ചേർത്തല എക്സ്റേ കവല, കൃപാസനം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം. കൃപാസനത്തിന് മുന്നിലെ അനധികൃത പാർക്കിംഗിനെതിരെ നടപടിയെടുക്കുകയും ദേശീയപാത വികസനം വേഗത്തിലാക്കി ഭക്തർക്കായി ഫ്ലൈഓവർ ലിഫ്റ്റ് നിർമ്മിക്കുകയും വേണം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പുറത്തിറക്കിയ കെട്ടിട നിർമ്മാണ നിബന്ധനകൾ ജനദ്രോഹപരമാകരുത്. പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി പ്രയോജനപ്രദമാക്കാൻ പ്രായപരിധി 60 വയസ്സായി പുനർനിശ്ചയിക്കണം. റെസിഡന്റ്സ് അസോസിയേഷനുകളുടെ മറവിൽ നടത്തുന്ന ചിട്ടിക്കമ്പനികൾക്കെതിരെ അന്വേഷണം വേണം.

അരൂർ ചന്തിരൂർ പുത്തൻതോട് ശുചീകരണത്തിനായി ഇറിഗേഷൻ വകുപ്പ് അനുവദിച്ച 65 ലക്ഷം രൂപയുടെ പദ്ധതി സുതാര്യമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. കോൺക്രീറ്റ് മാലിന്യങ്ങൾ നീക്കുന്നതിലും ഇരുകരകളിലും കല്ലുകെട്ടുന്നതിലും ഇനിയും വ്യക്തത വന്നിട്ടില്ല. മാലിന്യം നിറഞ്ഞ് ഒഴുക്ക് നിലച്ച തോട് പ്രദേശവാസികൾക്ക് രൂക്ഷമായ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുകയാണ്. കുത്തിയതോട് പഞ്ചായത്തിലെ വല്ലേത്തോട്, എഴുപുന്ന പഞ്ചായത്തിലെ കോങ്കേരി തോട്, ചന്തിരൂർ പുത്തൻതോട് എന്നിവയുടെ ശുചീകരണത്തിനായി വകയിരുത്തിയ നാല് കോടി രൂപ ചെലവഴിച്ചതിന്റെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് മുന്നിൽ വ്യക്തമാക്കണം.

സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ബോധവത്കരണ പരിപാടികൾ ശക്തമാക്കണം. തെരുവുനായ ശല്യത്തിൽ ഹൈക്കോടതി ഇടപെട്ടിട്ടും അധികൃതർ കാണിക്കുന്ന നിസംഗത അപലപനീയമാണ്. കലവൂരിനും കുമ്പളങ്ങിക്കുമിടയിലുള്ള തീരദേശ മേഖലയിൽ കൂടുതൽ പെട്രോൾ പമ്പുകൾ അനുവദിക്കാൻ സർക്കാരുകൾ തയ്യാറാകണം. മഴ പെയ്യുമ്പോൾ കോടംതുരുത്തിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടിന് പരിഹാരം കാണണം. അപകടസാധ്യതയുള്ള മാക്കേക്കടവ് – നേരേകടവ് പാലത്തിന്റെ സർവീസ് റോഡുകളിൽ സംരക്ഷണഭിത്തി സമയബന്ധിതമായി പൂർത്തിയാക്കണം.

മാറ്റിവെച്ച ജില്ലാ സമ്മേളനം ഡിസംബർ രണ്ടാം വാരം ആലപ്പുഴയിൽ വെച്ച് സംഘടിപ്പിക്കും. വാർത്താസമ്മേളനത്തിൽ ജില്ലാ പ്രസിഡന്റ് ബി. അൻഷാദ്, ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദ് ഷെരീഫ് അമ്പലപ്പുഴ, ജില്ലാ ട്രഷറർ ഡോ. സി.എസ്. സുനിതാ മോൾ കായംകുളം, ജില്ലാ സെക്രട്ടറിയേറ്റ് അംഗം പ്രവീൺ കുമാർ, അരൂർ മണ്ഡലം സെക്രട്ടറി വി.എം. സജീർ, ജനറൽ സെക്രട്ടറി എം.ടി. രാജു എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *