ന്യൂഡൽഹി: ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനും വോട്ട് മോഷണത്തിനെതിരെ പ്രതിരോധം തീർക്കാനുമായി നവംബർ ഒന്നിന് ഡൽഹി രാംലീല മൈതാനത്ത് സംഘടിപ്പിക്കുന്ന ‘ചലോ ദില്ലി’ മഹാറാലിയിൽ അണിനിരക്കാൻ ആഹ്വാനം ചെയ്ത് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഇതൊരു രാഷ്ട്രീയ പാർട്ടിയുടെ മാത്രം പോരാട്ടമല്ലെന്നും മറിച്ച് ഇന്ത്യയുടെ ആത്മാവിനുവേണ്ടിയുള്ള മാർച്ചാണെന്നും എക്സിൽ (X) പങ്കുവെച്ച വീഡിയോ സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ഭരണഘടനയെയും ജനാധിപത്യത്തെയും സംരക്ഷിക്കാൻ പോലീസിനെയോ ലാത്തിയെയോ ഭയപ്പെടാതെ രാഷ്ട്രീയ ഭേദമന്യേ എല്ലാവരും ഈ മാർച്ചിൽ പങ്കുചേരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വിദ്യാർഥി സംഘടനകളെ റാലിയിലേക്ക് പ്രത്യേകമായി ക്ഷണിച്ച രാഹുൽ ഗാന്ധി, രാജ്യത്തിന്റെയും പൗരന്മാരുടെയും ആവിഷ്കാര സ്വാതന്ത്ര്യവും ചിന്താശേഷിയും ആക്രമിക്കപ്പെടുന്ന നിർണ്ണായക ഘട്ടത്തിൽ എല്ലാവരും ഒന്നിച്ച് നിൽക്കണമെന്നും ഓർമ്മിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ എന്നിവരുടെ നടപടികൾക്കെതിരെ ജനങ്ങൾ ശബ്ദമുയർത്തേണ്ട സമയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിനെതിരെ സംഘടിപ്പിക്കുന്ന റാലിയിൽ പത്തുലക്ഷത്തോളം പേരെ അണിനിരത്താനാണ് കോൺഗ്രസും ഇന്ത്യ സഖ്യവും ലക്ഷ്യമിടുന്നത്. റാലിയുടെ വിജയം സഖ്യകക്ഷികളുടെ കൂട്ടായ ഉത്തരവാദിത്വമാണെന്ന് രാജ്യസഭാ എം.പി. നസീർ ഹുസൈൻ അറിയിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ, എംഎൽസിമാർ എന്നിവരുൾപ്പെടെയുള്ള പ്രമുഖ നേതാക്കളോട് പരിപാടിയിൽ നേരിട്ടെത്തി പങ്കെടുക്കാൻ പാർട്ടി നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്.

