കോഴിക്കോട്: പാളയം പച്ചക്കറി മാർക്കറ്റ് പുതുതായി നിർമ്മിച്ച കല്ലുത്താൻകടവിലേക്ക് മാറ്റാനുള്ള കോഴിക്കോട് കോർപ്പറേഷന്റെ നീക്കത്തിനെതിരെ വ്യാപാരികൾ കോർപ്പറേഷൻ ഓഫീസ് ഉപരോധിച്ചു. പാളയം പച്ചക്കറി ആൻഡ് ഫ്രൂട്ട്സ് അനുബന്ധ മേഖല കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശക്തമായ പ്രതിഷേധം അരങ്ങേറിയത്. പൈതൃക മാർക്കറ്റ് നവീകരിച്ച് പാളയത്തുതന്നെ നിലനിർത്തുക, വ്യാപാരികളുടെ ലൈസൻസ് പുതുക്കി നൽകുക, വാടക സ്വീകരിക്കുക എന്നീ മൂന്ന് പ്രധാന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
രാവിലെ ഒൻപത് മണിയോടെ നൂറോളം പ്രവർത്തകർ കോർപ്പറേഷന്റെ രണ്ട് കവാടങ്ങളും ഉപരോധിച്ച് ജീവനക്കാരെ തടഞ്ഞു. തുടർന്ന് പത്ത് മണിയോടെ മാർക്കറ്റിലെ നൂറുകണക്കിന് തൊഴിലാളികളും വ്യാപാരികളും പാളയത്തുനിന്ന് പ്രകടനമായി കോർപ്പറേഷൻ ഓഫീസിലേക്ക് എത്തി. ഇവരെ പ്രധാന കവാടത്തിന് മുന്നിൽ പോലീസ് തടഞ്ഞതോടെ നഗരത്തിൽ വലിയ തോതിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു.
തുടർന്ന് നടന്ന ഉപരോധ സമരം എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. മിഠായിത്തെരുവ് പോലെ കോഴിക്കോടിന്റെ പൈതൃക സ്വത്തും നഗരസൗന്ദര്യവുമാണ് നൂറ്റാണ്ടുകളുടെ പഴക്കമുള്ള പാളയം മാർക്കറ്റെന്നും അത് മറ്റ് ആവശ്യങ്ങൾക്കായി വിട്ടുകൊടുക്കാൻ ശ്രമിക്കുന്നത് ആരുടെ താല്പര്യങ്ങൾ സംരക്ഷിക്കാനാണെന്ന് കോർപ്പറേഷൻ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരു വാഹനം പോലും പാർക്ക് ചെയ്യാൻ സൗകര്യമില്ലാത്ത സ്ഥലത്താണ് പുതിയ കെട്ടിടം പണിതിരിക്കുന്നത്. നിലവിലുള്ള മാർക്കറ്റ് നവീകരിച്ച് ഡൽഹിയിലെ പാലിക ബസാറിന് സമാനമായ ആധുനിക മാർക്കറ്റാക്കി മാറ്റാൻ എന്താണ് തടസ്സമെന്ന് ചോദിച്ച എം.പി, ഇക്കാര്യത്തിൽ സർക്കാരുമായി സംസാരിച്ച് അനുയോജ്യമായ പദ്ധതി ആവിഷ്കരിക്കാൻ നടപടി സ്വീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
വിവിധ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും പ്രതിനിധികൾ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എത്തിയപ്പോൾ സിഐടിയു പ്രതിനിധികൾ ഉപരോധത്തിൽ നിന്ന് വിട്ടുനിന്നു. ആവശ്യങ്ങൾ അംഗീകരിക്കുംവരെ വരും ദിവസങ്ങളിലും ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകാനാണ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ തീരുമാനം.

