പൈറേറ്റഡ് സിനിമകളും ഒടിടി ഉള്ളടക്കവും: ടെലഗ്രാമിന് കേന്ദ്രസർക്കാരിന്റെ നോട്ടീസ്

ന്യൂഡൽഹി: പൈറേറ്റഡ് സിനിമകളും ഒടിടി പ്ലാറ്റ്ഫോമുകളിലെ ഉള്ളടക്കവും വ്യാപകമായി പ്രചരിപ്പിക്കുന്നതിനെതിരെ മെസേജിങ് പ്ലാറ്റ്ഫോമായ ടെലഗ്രാമിന് കേന്ദ്രസർക്കാർ നോട്ടീസ് നൽകി. വിവര-പ്രസാരണ മന്ത്രാലയമാണ് നോട്ടീസ് നൽകിയത്. സ്വീകരിച്ച നടപടികളുടെ റിപ്പോർട്ട് (Action Taken Report) 15 ദിവസത്തിനകം സമർപ്പിക്കാനും ടെലഗ്രാമിനോട് നിർദേശിച്ചിട്ടുണ്ട്.

ഒടിടി പ്ലാറ്റ്ഫോമുകളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. സിനിമകളും വെബ് സീരീസുകളും ഉൾപ്പെടെയുള്ള പകർപ്പവകാശമുള്ള ഉള്ളടക്കം അനധികൃതമായി പങ്കുവെച്ചിരുന്ന 3,142 ടെലഗ്രാം ചാനലുകളാണ് അധികൃതർ കണ്ടെത്തിയത്. ഏകദേശം 1,166 സിനിമകളും ഒടിടി ശീർഷകങ്ങളുമായി ബന്ധപ്പെട്ട പൈറേറ്റഡ് ഉള്ളടക്കമാണ് ഈ ചാനലുകളിലൂടെ പ്രചരിപ്പിച്ചതെന്ന് കണ്ടെത്തി.

പകർപ്പവകാശ നിയമവും വിവരസാങ്കേതിക നിയമവും അനുസരിച്ച് നിയമവിരുദ്ധ ഉള്ളടക്കം നീക്കം ചെയ്യുകയും ഭാവിയിൽ ഇത്തരം ലംഘനങ്ങൾ തടയാൻ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്ന് കേന്ദ്രം ടെലഗ്രാമിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വ്യക്തിഗത ലിങ്കുകൾ നീക്കം ചെയ്യുന്നതിലുപരി പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം ഉറപ്പാക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിക്കുന്നതെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *