തിരുവനന്തപുരം: 42 വർഷമായി ഒളിവിൽ കഴിയുന്ന സുകുമാരക്കുറുപ്പിനെ ബ്രൂണെയിൽ കണ്ടെത്തിയെന്ന പ്രചാരണം പൊലീസ് തള്ളി. ബ്രൂണെയിൽ കണ്ടെത്തിയ വ്യക്തി സുകുമാരക്കുറുപ്പല്ലെന്നും തൃശൂർ സ്വദേശിയായ ദാമോദര മേനോനാണെന്നും പൊലീസ് സ്ഥിരീകരിച്ചു.
ഇതോടെ സംഭവത്തിൽ ഇന്റർപോളിന്റെ സഹായം തേടേണ്ടതില്ലെന്നാണ് ക്രൈംബ്രാഞ്ചിന്റെ നിലവിലെ വിലയിരുത്തൽ. അതേസമയം, സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജവിവരം പ്രചരിച്ചതിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ക്രൈംബ്രാഞ്ച് അന്വേഷിക്കും.
സൈബർ ഹാക്കറുടെ സഹായത്തോടെ ഇത്തരം വ്യാജപ്രചാരണം ഉണ്ടാകാമെന്ന മുന്നറിയിപ്പ് നേരത്തെ സ്പെഷൽ ബ്രാഞ്ച് നൽകിയിരുന്നതായും പൊലീസ് അറിയിച്ചു. മുൻ അന്വേഷണ സംഘത്തിലെ ഗ്രേഡ് എസ്‌ഐക്കും കൊച്ചിയിലെ ഒരു സൈബർ വിദഗ്ധനും പ്രചാരണത്തിന് പിന്നിൽ പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കി ക്രൈംബ്രാഞ്ച് മേധാവിക്ക് റിപ്പോർട്ട് നൽകും. വ്യാജപ്രചാരണത്തിന്റെ ഉദ്ദേശ്യവും അന്വേഷണ റിപ്പോർട്ടിൽ ഉൾപ്പെടുത്തും.

