ടെഹ്റാൻ: ഇറാന്റെ അനുമതിയില്ലാതെ കപ്പലുകളെ ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകാൻ അനുവദിക്കില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതത്തിൽ ഇറാന് നിയന്ത്രണമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായുള്ള സംഘർഷം തുടരുന്നതിനിടെയാണ് ഇറാന്റെ പുതിയ നിലപാട്. അനുമതിയോടെ ചില കപ്പലുകൾക്ക് കടന്നുപോകാൻ അവസരം നൽകുന്നുണ്ടെങ്കിലും, ഏത് കപ്പലുകൾക്കും സ്വതന്ത്രമായി കടന്നുപോകാൻ കഴിയില്ലെന്ന നിലപാടിലാണ് ഇറാൻ.
ആഗോള എണ്ണവ്യാപാരത്തിന്റെ പ്രധാന പാതയായ ഹോർമുസിലെ നിയന്ത്രണം അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തെയും ഊർജവിപണിയെയും ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാന്റെ നടപടികൾക്കെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടലിടുക്ക് തുറന്നുനിർത്തണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

