പട്ന: ബിഹാറിലെ സിവാൻ ജില്ലയിൽ വിദ്യാർഥി പ്രതിഷേധത്തിനിടെ എ.കെ.-47 തോക്ക് ഉപയോഗിക്കുകയും പ്രതിഷേധക്കാർക്ക് നേരെ ചൂണ്ടുകയും ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിനെ തുടർന്നാണ് ബിഹാർ പൊലീസ് നടപടി സ്വീകരിച്ചത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
ജൂലൈ 25-ന് നടന്ന ‘ബിഹാർ ബന്ദ്’ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. ദൃശ്യങ്ങളിൽ പൊലീസ് ഉദ്യോഗസ്ഥൻ എ.കെ.-47 ഉപയോഗിച്ച് വായുവിലേക്ക് വെടിയുതിർക്കുന്നതും പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിക്കുന്നതും കാണാം. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം, പ്രതിഷേധം നേരിടാൻ അമിത ബലപ്രയോഗം നടത്തിയെന്നാരോപിച്ച് പ്രതിപക്ഷം സർക്കാരിനെ വിമർശിക്കുകയും സംഭവത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.

