പേരാമ്പ്ര കാർ തീപിടിത്തം ആസൂത്രിതമെന്ന് പൊലീസ്; പെട്രോൾ വാങ്ങിയതിന് തെളിവ്

കോഴിക്കോട്: പേരാമ്പ്രയിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്തുവന്നു. തീപിടിത്തം ആസൂത്രിതമാണെന്നും പെട്രോൾ ഉപയോഗിച്ചാണ് തീ കൊളുത്തിയതെന്നുമാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. കക്കറമുക്ക് പൂവത്തുംചാലിൽ സോന (27) ആണ് മരിച്ചത്. ഭർത്താവ് രജിൻലാൽ ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ഡോക്ടറെ കണ്ടു മടങ്ങുന്നതിനിടെയാണ് ചെറുവണ്ണൂരിന് സമീപം സഞ്ചരിച്ചുകൊണ്ടിരുന്ന കാർ തീപിടിച്ചത്. പെട്രോൾ വാങ്ങി പോകുന്നതിന്റേതായി ഒരു സ്ത്രീയുടെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. കാറിനുള്ളിൽ പെട്രോളിന്റെ മണം അനുഭവപ്പെട്ടതായി രജിൻലാൽ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു. “എന്താണ് പെട്രോൾ മണക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും തീ പടർന്നു” എന്നാണ് ഇയാളുടെ മൊഴി.

സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു. തീപിടിത്തം ഷോർട്ട് സർക്യൂട്ടിനെ തുടർന്ന് ഉണ്ടായതല്ലെന്നും കാറിന്റെ പിൻഭാഗത്തുനിന്നാണ് തീ പടർന്നതെന്നും ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതായി റിപ്പോർട്ടുകളുണ്ട്. സോനയും രജിൻലാലും തമ്മിൽ കുടുംബപ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ സോനയുടെ പങ്ക് ഉൾപ്പെടെ എല്ലാ സാധ്യതകളും കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *