പ്രിയദർശിനി പദ്ധതിക്ക് തുടക്കം; സ്ത്രീകൾ നയിച്ച ബസിൽ മുഖ്യമന്ത്രിയുടെ ഉദ്ഘാടന യാത്ര

തിരുവനന്തപുരം: സ്ത്രീകൾക്ക് കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന ‘പ്രിയദർശിനി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിച്ചു.

തമ്പാനൂർ സെൻട്രൽ ബസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗതാഗത മന്ത്രി സി.പി. ജോണും മറ്റ് മന്ത്രിമാരും പങ്കെടുത്തു. ഉദ്ഘാടനത്തിന് ശേഷം മുഖ്യമന്ത്രി വനിതാ യാത്രക്കാരോടൊപ്പം പദ്ധതിയുടെ ആദ്യ യാത്ര നടത്തി. തിരുവനന്തപുരം പാപ്പനംകോഡ് ഡിപ്പോയിലെ ബസിൽ തമ്പാനൂരിൽ നിന്ന് പെരുമാതുറ വരെയായിരുന്നു ഉദ്ഘാടന യാത്ര.

കെഎസ്ആർടിസിയിൽ പി.എസ്.സി. വഴി നിയമിതയായ ആദ്യ വനിതാ ഡ്രൈവറായ വി.പി. ഷീലയാണ് ഉദ്ഘാടന ബസ് ഓടിച്ചത്. ബസിലെ കണ്ടക്ടറും വനിതയായിരുന്നു. മുഖ്യമന്ത്രിയും മന്ത്രിമാരും ഉൾപ്പെടെ 20 വി.ഐ.പി.കളാണ് ഉദ്ഘാടന യാത്രയിൽ പങ്കെടുത്തത്. തൃശൂരിൽ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പദ്ധതിക്ക് പച്ചക്കൊടി കാട്ടി.

പദ്ധതി നിലവിൽ വന്നതോടെ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിനും കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സീറോ ടിക്കറ്റിലൂടെ സൗജന്യമായി യാത്ര ചെയ്യാം. പദ്ധതിയിൽ ഉൾപ്പെട്ട ബസുകൾ തിരിച്ചറിയുന്നതിനായി “പ്രിയദർശിനി” സ്റ്റിക്കർ പതിപ്പിച്ചിട്ടുണ്ട്. ആദ്യഘട്ടത്തിൽ വരുമാനമോ പ്രായമോ മറ്റ് പ്രത്യേക നിബന്ധനകളോ പരിഗണിക്കാതെയാണ് സൗജന്യ യാത്ര അനുവദിച്ചിരിക്കുന്നത്.

അതേസമയം, പദ്ധതിയുടെ ഉദ്ഘാടന പരിപാടിയിൽ നിന്ന് വിട്ടുനിൽക്കാൻ സി.പി.എം. എല്ലാ എം.എൽ.എമാർക്കും നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *