ലബനന്റെ തലസ്ഥാനമായ ബെയ്റൂട്ടിന്റെ തെക്കൻ പ്രാന്തപ്രദേശങ്ങളിൽ ഇസ്രേൽ നടത്തിയ വ്യോമാക്രമണം പശ്ചിമേഷ്യയിലെ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായി. ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായി ലബനീസ് അധികൃതർ അറിയിച്ചു.
ഇസ്രേൽ സൈന്യം, ഹിസ്ബുള്ളയുടെ കേന്ദ്രങ്ങളെയാണ് ലക്ഷ്യമിട്ടതെന്നും, വടക്കൻ ഇസ്രേലിലേക്ക് ഹിസ്ബുള്ള നടത്തിയ റോക്കറ്റ് ആക്രമണത്തിന് മറുപടിയായാണ് നടപടി സ്വീകരിച്ചതെന്നും അറിയിച്ചു. അതേസമയം, സാധാരണ ജനവാസ മേഖലയെ ആക്രമിച്ചതായി ലബനൻ ആരോപിച്ചു. സംഭവം, അമേരിക്കയും ഇറാനും തമ്മിൽ അന്തിമഘട്ടത്തിലെത്തിയിരുന്ന സമാധാന ധാരണാപത്ര ചർച്ചകളെ ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്.
ലബനനിലെ ആക്രമണം സമാധാന നീക്കങ്ങളെ ദുർബലപ്പെടുത്തുന്നതാണെന്ന് ഇറാൻ പ്രതികരിച്ചു. അമേരിക്ക–ഇറാൻ ധാരണാപത്രത്തിന്റെ കരടിൽ ഇറാന്റെ ആണവപരിപാടി, ഹോർമുസ് കടലിടുക്കിലെ ഗതാഗതം പുനഃസ്ഥാപിക്കൽ, ഉപരോധങ്ങളിൽ ഇളവ് എന്നിവ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ഇറാൻ ആണവായുധം കൈവശം വയ്ക്കില്ലെന്ന വ്യവസ്ഥയും കരാറിന്റെ ഭാഗമാണെന്ന് അമേരിക്കൻ പ്രതിരോധ സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.

