പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതി ജൂൺ 15 മുതൽ; യാത്രാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഇന്ദിരാ ഗ്യാരണ്ടി പദ്ധതി പ്രകാരമുള്ള ‘പ്രിയദർശിനി’ സ്ത്രീ സൗജന്യ യാത്രാ പദ്ധതിക്ക് ജൂൺ 15 തിങ്കളാഴ്ച തുടക്കമാവുകയാണ്. കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡറുകൾക്കും സൗജന്യ യാത്ര ഉറപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം രാവിലെ 8.30-ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും. ഇതിന് മുന്നോടിയായി യാത്രക്കാർക്കായി കെ.എസ്.ആർ.ടി.സി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ താഴെ പറയുന്നവയാണ്:

ഉദ്ഘാടനത്തിന് ശേഷം മാത്രം സൗജന്യം: ജൂൺ 15-ന് രാവിലെ 8.30-ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത ശേഷം രാവിലെ 9 മണി മുതൽ മാത്രമായിരിക്കും ഇലക്ട്രോണിക് ടിക്കറ്റ് മെഷീനുകളിൽ നിന്നും പൂജ്യം രൂപയുടെ (0) ടിക്കറ്റുകൾ ലഭ്യമായി തുടങ്ങുക. അതിനു മുൻപ് ബസ്സിൽ കയറുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

ടിക്കറ്റ് നിർബന്ധം: സൗജന്യ യാത്രയാണെങ്കിലും സാധാരണ ടിക്കറ്റ് എടുക്കുന്നത് പോലെ തന്നെ ഇറങ്ങേണ്ട സ്ഥലം കൃത്യമായി പറഞ്ഞ് ‘0’ ടിക്കറ്റ് കൈപ്പറ്റേണ്ടത് നിർബന്ധമാണ്.

യാത്രാ വിവരങ്ങളിലെ മാറ്റം: ഏതെങ്കിലും സാഹചര്യത്തിൽ ടിക്കറ്റ് എടുത്ത സ്ഥലവും കഴിഞ്ഞ് മുന്നോട്ട് യാത്ര ചെയ്യേണ്ടി വരികയോ, അല്ലെങ്കിൽ ടിക്കറ്റ് എടുത്ത സ്റ്റോപ്പിന് മുൻപായി ഇറങ്ങേണ്ടി വരികയോ ചെയ്താൽ ആ വിവരം മുൻകൂട്ടി തന്നെ കണ്ടക്ടറെ അറിയിക്കേണ്ടതാണ്.

ആൺകുട്ടികൾക്ക് ഹാഫ് ടിക്കറ്റ്: 5 വയസ്സ് മുതൽ 11 വയസ്സ് വരെ പ്രായമുള്ള ആൺകുട്ടികൾ ഒപ്പമുണ്ടെങ്കിൽ അവർക്ക് പണം നൽകി ഹാഫ് ടിക്കറ്റ് എടുക്കേണ്ടതുണ്ട്.

പുരുഷന്മാർ ഒപ്പമുണ്ടെങ്കിൽ: കുടുംബമായോ അല്ലാതെയോ പുരുഷന്മാർ ഒപ്പമുണ്ടെങ്കിൽ ടിക്കറ്റ് എടുക്കുന്ന സമയത്ത് ആ വിവരം കണ്ടക്ടറെ പ്രത്യേകം അറിയിക്കണം. പുരുഷന്മാരാണ് ടിക്കറ്റ് എടുക്കുന്നതെങ്കിൽ കൂടെ വനിതകൾ ഉള്ള കാര്യം ടിക്കറ്റ് മെഷീനിൽ എൻ്റർ ചെയ്യുന്നതിന് മുൻപ് തന്നെ വ്യക്തമാക്കണം.

ലഗേജ് ആനുകൂല്യം: നിലവിൽ ഓർഡിനറി ബസുകളിൽ അനുവദനീയമായതുപോലെ സൗജന്യ യാത്ര നടത്തുന്ന സ്ത്രീകൾക്കും 15 കിലോ വരെയുള്ള ലഗേജുകൾ പൂർണ്ണമായും സൗജന്യമായിരിക്കും.

ബസുകൾ തിരിച്ചറിയാൻ സ്റ്റിക്കർ: സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ള കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകൾ എളുപ്പത്തിൽ തിരിച്ചറിയുന്നതിനായി ബസുകളിൽ ‘പ്രിയദർശിനി’ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടാകും.

സംസ്ഥാനത്തെ സാധാരണക്കാരായ വനിതകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗക്കാർക്കും വലിയ ആശ്വാസമാകുന്ന ഈ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ 3,125 ഓർഡിനറി ബസുകളാണ് സർവീസ് നടത്തുന്നത്. ആദ്യ സർവീസിന്റെ ഡ്രൈവറും കണ്ടക്ടറും വനിതകളായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *