മലപ്പുറം: വയനാട് എംപി പ്രിയങ്ക ഗാന്ധിയുടെ മലപ്പുറം സന്ദർശനത്തിനിടെ ഏർപ്പെടുത്തിയ വൻ സുരക്ഷാ സന്നാഹത്തിൽ അവർ അതൃപ്തി അറിയിച്ചു. ഇത്രയധികം സുരക്ഷാ ഉദ്യോഗസ്ഥരുടെ അകമ്പടി ആവശ്യമില്ലെന്നും സുരക്ഷാ ഉദ്യോഗസ്ഥരുടെ എണ്ണം കൂടുന്നത് സാധാരണക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും പ്രിയങ്ക ഗാന്ധി സി.ആർ.പി.എഫ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
മലവെള്ളപ്പാച്ചിലിൽ മരിച്ച പോത്തുകല്ല് സ്വദേശിനി സജിതയുടെ കുടുംബത്തെ സന്ദർശിക്കുന്നതിനായി മുണ്ടേരി മേഖലയിലേക്ക് പോകുന്നതിനിടെയായിരുന്നു പ്രതികരണം. സുരക്ഷാ ക്രമീകരണങ്ങൾ ഇതേ രീതിയിൽ തുടരുകയാണെങ്കിൽ ഭാവിയിലെ സന്ദർശന വിവരങ്ങൾ മുൻകൂട്ടി അറിയിക്കില്ലെന്നും അവർ വ്യക്തമാക്കി.
സജിതയുടെ കുടുംബത്തെ സന്ദർശിച്ച പ്രിയങ്ക ഗാന്ധി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. തുടർന്ന് മുണ്ടേരിയിൽ തൊഴിലുറപ്പ് തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്നങ്ങൾ ചോദിച്ചറിയുകയും ചെയ്തു.
വയനാട് മണ്ഡലത്തിലെ മനുഷ്യ-വന്യജീവി സംഘർഷവുമായി ബന്ധപ്പെട്ട് സർക്കാർ സംവിധാനങ്ങളും തദ്ദേശീയ സമൂഹങ്ങളും മറ്റ് ബന്ധപ്പെട്ട വിഭാഗങ്ങളും ഉൾപ്പെടുന്ന കൂട്ടായ ഇടപെടൽ ആവശ്യമാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. വിഷയത്തിൽ വിദഗ്ധരെയും ബന്ധപ്പെട്ടവരെയും ഉൾപ്പെടുത്തി യോഗം ചേരുമെന്നും ദീർഘകാല പരിഹാരത്തിനായി ശ്രമിക്കുമെന്നും അവർ വ്യക്തമാക്കി.

