നാഗോയ: 20-ാമത് ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മീരാബായി ചാനുവിന് വെള്ളി മെഡൽ. വനിതകളുടെ 49 കിലോ ഭാരോദ്വഹനത്തിലാണ് ചാനു വെള്ളി നേടിയത്. 198 കിലോയാണ് ചാനുവിന്റെ ആകെ നേട്ടം. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 111 കിലോയും ഉയർത്തിയാണ് രണ്ടാം സ്ഥാനത്തെത്തിയത്.
വടക്കൻ കൊറിയയുടെ റി സോങ്-ഗം 215 കിലോ ഉയർത്തി സ്വർണം നേടി. സ്നാച്ചിൽ 94 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 121 കിലോയും ഉയർത്തിയ റി സോങ്-ഗം തുടർച്ചയായ മൂന്നാം ഏഷ്യൻ ഗെയിംസ് സ്വർണമാണ് സ്വന്തമാക്കിയത്. ഇന്തോനേഷ്യയുടെ ലുലുക് ദിയാന ട്രി വിജയയാന 191 കിലോ ഉയർത്തി വെങ്കലം നേടി.
ഏഷ്യൻ ഗെയിംസിലെ മീരാബായി ചാനുവിന്റെ ആദ്യ മെഡലാണിത്. 2014ലെ ഇൻചിയോൺ ഏഷ്യൻ ഗെയിംസിൽ ഒൻപതാം സ്ഥാനത്തായിരുന്നു ചാനു. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ പരിക്കിനെത്തുടർന്ന് പങ്കെടുക്കാനായില്ല. 2023ലെ ഹാങ്‌ചോ ഏഷ്യൻ ഗെയിംസിൽ നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്.
ചാനുവിന്റെ വെള്ളിയോടെ ഏഷ്യൻ ഗെയിംസിലെ ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ 28 വർഷത്തെ മെഡൽവരൾച്ചയ്ക്കും വിരാമമായി. 1998ലെ ബാങ്കോക്ക് ഏഷ്യൻ ഗെയിംസിൽ കർണം മല്ലേശ്വരി നേടിയ മെഡലിന് ശേഷം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ആദ്യ ഏഷ്യൻ ഗെയിംസ് മെഡലാണിത്.
ഒളിംപിക് വെള്ളി, ലോക ചാമ്പ്യൻഷിപ്പ് സ്വർണം, കോമൺവെൽത്ത് ഗെയിംസ് മെഡലുകൾ എന്നിവയ്ക്കു പിന്നാലെയാണ് ചാനു ഏഷ്യൻ ഗെയിംസ് മെഡലും സ്വന്തമാക്കുന്നത്.

