റോം: പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങളുടെ വർധന മെഡിറ്ററേനിയൻ കടലിന്റെ പരിസ്ഥിതിക്ക് ഗുരുതര ഭീഷണിയാകുന്നതായി റിപ്പോർട്ടുകൾ. തീരപ്രദേശങ്ങളിലെ ജനസംഖ്യാ വർധന, വിനോദസഞ്ചാരം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ വ്യാപക ഉപയോഗം എന്നിവയാണ് കടൽമാലിന്യത്തിന്റെ പ്രധാന കാരണങ്ങളിലൊന്നായി ചൂണ്ടിക്കാണിക്കുന്നത്.
ഐക്യരാഷ്ട്ര പരിസ്ഥിതി പദ്ധതിയുടെ (UNEP) കണക്കുകൾ പ്രകാരം മെഡിറ്ററേനിയൻ കടലിലേക്ക് പ്രതിദിനം ഏകദേശം 730 ടൺ പ്ലാസ്റ്റിക് മാലിന്യം എത്തുന്നുണ്ട്. കടലിൽ പൊങ്ങിക്കിടക്കുന്ന മാലിന്യത്തിന്റെ 95 മുതൽ 100 ശതമാനം വരെയും പ്ലാസ്റ്റിക്കാണ്. കടലിന്റെ അടിത്തട്ടിലെ മാലിന്യത്തിലും പ്ലാസ്റ്റിക്കിന്റെ വിഹിതം 50 ശതമാനത്തിലധികമാണെന്നാണ് കണക്ക്.
ചില പ്രദേശങ്ങളിൽ കടൽജലത്തിന്റെ ഉപരിതലത്തിൽ ഒരു ചതുരശ്ര കിലോമീറ്ററിൽ 6.4 കോടിയിലധികം മൈക്രോപ്ലാസ്റ്റിക് കണങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും UNEP വ്യക്തമാക്കുന്നു. കരയിൽ നിന്നുള്ള മാലിന്യമാണ് പ്രധാനമായും കടലിലേക്ക് എത്തുന്നത്. പ്രതിവർഷം ഏകദേശം 2.3 ലക്ഷം ടൺ കരയിൽ നിന്നുള്ള പ്ലാസ്റ്റിക് മെഡിറ്ററേനിയൻ കടലിൽ എത്തുന്നതായാണ് യൂറോപ്യൻ പാർലമെന്റിന്റെ പഠനം വ്യക്തമാക്കുന്നത്.
മെഡിറ്ററേനിയൻ കടലിന്റെ ഭൗമഘടനയും ജലചംക്രമണ രീതിയും മാലിന്യം ഇവിടെ അടിഞ്ഞുകൂടുന്നതിന് കാരണമാകുന്നുണ്ട്. തീരങ്ങൾ മുതൽ കടൽജലത്തിന്റെ ഉപരിതലം, ജലനിരപ്പ്, കടലിന്റെ അടിത്തട്ട് എന്നിവിടങ്ങളിലേക്കെല്ലാം പ്ലാസ്റ്റിക് മലിനീകരണം വ്യാപിച്ചിട്ടുണ്ടെന്ന് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നു.
ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളാണ് തീരപ്രദേശങ്ങളിലെ കടൽമാലിന്യത്തിൽ വലിയൊരു പങ്ക്. ബീച്ചുകളിൽ കണ്ടെത്തുന്ന മാലിന്യങ്ങളിൽ സിംഗിൾ യൂസ് പ്ലാസ്റ്റിക്കിന് 60 ശതമാനത്തിലധികം പങ്കുണ്ടെന്നാണ് UNEPയുടെ കണക്ക്. തെക്കൻ മെഡിറ്ററേനിയൻ രാജ്യങ്ങളിൽ ശേഖരിക്കുന്ന മുനിസിപ്പൽ മാലിന്യത്തിന്റെ പകുതിയിലേറെയും തുറന്ന മാലിന്യക്കൂമ്പാരങ്ങളിലാണ് നിക്ഷേപിക്കുന്നതെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം മാലിന്യശേഖരണവും സംസ്കരണവും കാര്യക്ഷമമാക്കുക, പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുക, മലിനജല ശുദ്ധീകരണം ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികൾ അനിവാര്യമാണെന്നാണ് വിവിധ പഠനങ്ങൾ വ്യക്തമാക്കുന്നത്. മെഡിറ്ററേനിയൻ കടലിന്റെ പാരിസ്ഥിതിക നില മെച്ചപ്പെടുത്തുന്നതിന് തീരദേശ രാജ്യങ്ങളുടെ ഏകോപിത ഇടപെടലും ആവശ്യമാണ്.

