ഫിലഡൽഫിയ: ഫിലഡൽഫിയ അന്താരാഷ്ട്ര വിമാനത്താവളത്തിൽ (PHL) നിന്ന് ദോഹ വഴി കേരളത്തിലേക്കുള്ള യാത്രക്കാർക്ക് ഏറെ ആശ്വാസകരമാകുന്ന ഖത്തർ എയർവേയ്സിന്റെ ഫിലഡൽഫിയ–ദോഹ വിമാന സർവീസ് 2026 ഓഗസ്റ്റ് 1 മുതൽ പുനരാരംഭിക്കുന്നു. ഈ ലക്ഷ്യത്തിനായി കഴിഞ്ഞ ഒരു ദശാബ്ദത്തിലേറെയായി ഓർമ്മാ ഇന്റർനാഷണൽ നടത്തിയ പ്രവർത്തനങ്ങളും ഇടപെടലുകളും വിശദീകരിക്കുന്നതിനായി ഫിലഡൽഫിയയിൽ വിപുലമായ പ്രസ് മീറ്റ് സംഘടിപ്പിച്ചു. (റിപ്പോർട്ട്: പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ).
ഫിലഡൽഫിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ പ്രമുഖ മലയാള മാധ്യമ പ്രതിനിധികളും സാംസ്കാരിക പ്രവർത്തകരും പങ്കെടുത്ത സമ്മേളനം ഓർമ്മാ ഇന്റർനാഷണൽ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഓർമ്മാ ടാലന്റ് പ്രൊമോഷൻ ഫോറം ചെയർ ജോസ് തോമസ് പരിപാടി പരിചയപ്പെടുത്തി. ട്രസ്റ്റി ബോർഡ് ചെയർ ജോസ് ആറ്റുപുറം, പബ്ലിക് അഫയേഴ്സ് ഫോറം ചെയർ വിൻസെന്റ് ഇമ്മാനുവേൽ എന്നിവർ വിശിഷ്ടാതിഥികളെയും മാധ്യമപ്രവർത്തകരെയും പരിചയപ്പെടുത്തി.
2015 മുതൽ ഫിലഡൽഫിയയിൽ നിന്ന് കേരളത്തിലേക്കുള്ള മികച്ച വിമാനസൗകര്യം യാഥാർഥ്യമാക്കുന്നതിനായി വിമാനത്താവള അധികൃതരുമായും ജനപ്രതിനിധികളുമായും വിമാനക്കമ്പനികളുമായും നടത്തിയ തുടർച്ചയായ ആശയവിനിമയങ്ങളെക്കുറിച്ച് വിൻസെന്റ് ഇമ്മാനുവേൽ വിശദീകരിച്ചു. തുടർന്ന് സംഘടന നടത്തിയ പ്രവർത്തനങ്ങളുടെ സമഗ്ര ചരിത്രം ഉൾപ്പെടുത്തിയ പ്രത്യേക റിപ്പോർട്ട് പി.ആർ.ഒ മെർളിൻ മേരി അഗസ്റ്റിൻ അവതരിപ്പിച്ചു.
ഫിലഡൽഫിയ വിമാനത്താവള അധികൃതർ, സിറ്റി മേയർ, ഭരണനേതൃത്വം എന്നിവരുടെ സഹകരണത്തോടെ ഇന്ത്യയിലെ കേന്ദ്ര മന്ത്രിമാർക്കും അന്താരാഷ്ട്ര വിമാനക്കമ്പനികൾക്കും സമർപ്പിച്ച നിവേദനങ്ങൾ, യാത്രാ ആവശ്യകത സംബന്ധിച്ച വിവരശേഖരണം, സർവീസ് വികസന ഉപദേശക സമിതിയിൽ ഇന്ത്യൻ-മലയാളി സമൂഹത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തിയത് തുടങ്ങിയ പ്രഫഷണൽ ഇടപെടലുകൾ റിപ്പോർട്ടിൽ എടുത്തുപറഞ്ഞു. ഈ നേട്ടത്തിന്റെ പൂർണ്ണ അവകാശവാദം ഉന്നയിക്കുന്നില്ലെങ്കിലും, സമൂഹത്തിന്റെ ശബ്ദം നയരൂപീകരണ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിൽ ഓർമ്മാ ഇന്റർനാഷണൽ നിർണ്ണായക പങ്കുവഹിച്ചതായി ഭാരവാഹികൾ വ്യക്തമാക്കി.


ഖത്തർ എയർവേയ്സിന്റെ സർവീസ് പുനരാരംഭിക്കുന്നത് പെൻസിൽവേനിയ, ന്യൂജഴ്‌സി, ഡെലവെയർ മേഖലകളിലെ ആയിരക്കണക്കിന് മലയാളി കുടുംബങ്ങൾക്ക് വലിയ അനുഗ്രഹമാണെന്ന് സമ്മേളനത്തിൽ സംസാരിച്ച സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു.
പ്രസ് മീറ്റിൽ ജോസ് ആറ്റുപുറം, വിൻസെന്റ് ഇമ്മാനുവേൽ, സജി സെബാസ്റ്റ്യൻ, ജോസ് തോമസ്, ഫിലഡൽഫിയ പോലീസ് സർജന്റും ഓർമ്മാ വൈസ് പ്രസിഡന്റുമായ ബ്ലെസൺ മാത്യു, ഫോമാ വൈസ് പ്രസിഡന്റ് ഷാലു പുന്നൂസ്, ഡബ്ല്യു.എം.സി നേതാക്കളായ നൈനാൻ മത്തായി, ലൂക്കോസ് മാത്യു, ജെയിംസ് പീറ്റർ, അജി പണിക്കർ, ഓർമ്മാ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് ഷൈലാ രാജൻ, ഫിലഡൽഫിയ സിറ്റി കമ്മീഷണർ മാത്യു തരകൻ, പമ്പ പ്രസിഡന്റ് അലക്സ് തോമസ്, തോമസ് പോൾ, ജോയ് തട്ടാർകുന്നേൽ, സാറ ഐപ്പ്, ലൈല മാത്യു, ജിമോൻ ജോർജ്ജ് (കോട്ടയം അസോസിയേഷൻ), അരുൺ കോവാട്ട് (ഏഷ്യാനെറ്റ് & ഓർമ്മാ വിഷ്വൽ മീഡിയ കോർഡിനേറ്റർ), ട്രഷറർ റോഷൻ പ്ലാമൂട്ടിൽ, ജോ തോമസ്, ഫ്രാൻസിസ് പടയാട്ടി, രാജു പടയാട്ടിൽ, സണ്ണി പടയാട്ടി, ജോർജ് പനയ്ക്കൽ (ഏറോപാക്സ് ട്രാവൽസ്), ജോർജുകുട്ടി അമ്പാട്ട്, ജേക്കബ് കോര, സെബിൻ സെബാസ്റ്റ്യൻ, ജോൺ പണിക്കർ, പോൾ തെക്കുംതല, ഷാജി (മയൂര), ഫിലിപ്പോസ് ചെറിയാൻ, മാനുവൽ തോമസ് തുടങ്ങിയ വിവിധ സംഘടനാ പ്രതിനിധികളും മാധ്യമപ്രവർത്തകരും പങ്കെടുത്തു.
മെർളിൻ മേരി അഗസ്റ്റിൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി. മലയാളി സമൂഹത്തിന്റെ പൊതുതാൽപര്യ വിഷയങ്ങളിൽ ഭാവിയിലും സജീവമായി ഇടപെടൽ തുടരുമെന്ന് ഓർമ്മാ ഇന്റർനാഷണൽ നേതൃത്വം അറിയിച്ചു.

