ഡാളസ് ഭരതകല തീയറ്റേഴ്‌സിന്റെ ‘എഴുത്തച്ഛൻ’ നാടകം ന്യൂയോർക്കിൽ അരങ്ങേറി; സദസ്സിനെ ഭാവസാന്ദ്രമാക്കി ദൃശ്യാവിഷ്കാരം

ന്യൂയോർക്ക്: ഡാളസ് ഭരതകല തീയറ്റേഴ്‌സ് അവതരിപ്പിച്ച ‘എഴുത്തച്ഛൻ’ നാടകം ന്യൂയോർക്കിലെ എൽമണ്ട് വിൻസെന്റ് ഡി പോൾ ഓഡിറ്റോറിയത്തിൽ അരങ്ങേറി. 2026 ജൂലൈ 18 ശനിയാഴ്ച സായാഹ്നത്തിൽ നടന്ന പ്രദർശനം കാണികൾക്ക് വേറിട്ട അനുഭവമായി മാറി. (ജി. രാജ് തയ്യാറാക്കിയ റിപ്പോർട്ട്).

ശ്രീ. സി. രാധാകൃഷ്ണന്റെ ‘തീക്കടൽ കടഞ്ഞ് തിരുമധുരം’ എന്ന ജീവചരിത്ര ആഖ്യായികയെ ആസ്പദമാക്കിയാണ് നാടകം ഒരുക്കിയിരിക്കുന്നത്. പതിനാറാം നൂറ്റാണ്ടിലെ കേരളീയ പശ്ചാത്തലത്തിൽ, ജാതീയ അടിച്ചമർത്തലുകളെയും കഠിനമായ ശിക്ഷാവിധികളെയും അതിജീവിച്ച് ഒരു ജനതയുടെ കാവ്യോപാസനയുടെയും അക്ഷരലോകത്തിന്റെയും ആചാര്യനായി മലയാള ഭാഷാപിതാവ് ഉയർന്നുവന്ന കഥയാണ് ഒന്നര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിലൂടെ ദൃശ്യവൽക്കരിച്ചത്.

എൽഇഡി വാളും ആധുനിക ഡിജിറ്റൽ സാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തിയ രംഗസജ്ജീകരണവും അഭിനേതാക്കളുടെ മികവുറ്റ പ്രകടനവും നാടകത്തിന് മിഴിവേകി. ഡയലോഗുകൾ റിക്കോർഡ് ചെയ്താണ് അവതരിപ്പിച്ചത്. പ്രൊഫഷണൽ രീതിയിലുള്ള ശബ്ദ സംയോജനവും കൃത്യമായ ലിപ് മൂവ്‌മെന്റും ഇതിന് വ്യക്തത നൽകി.

എഴുത്തച്ഛനായി അരങ്ങിലെത്തിയ രാജേഷ് കൈമൾ, സീത ഓപ്പോളായി അഭിനയിച്ച ദീപ്തി റോയ്, നമ്പിയായി വേഷമിട്ട ചാർളി അങ്ങാടിശ്ശേരി എന്നിവർക്കൊപ്പം ഹരിദാസ് തങ്കപ്പൻ, മനോജ് ബൽരാജ്, സന്തോഷ്‌ പിള്ള, വിമൽ വെള്ളോത്ത്, നിഷ മാത്യൂസ്, രാധാകൃഷ്ണ കൈമൾ, സുധീർ പക്കവത്ത്, ജയ് കുമാർ, ബെന്നി മറ്റക്കര, ശ്രീകുമാർ മഡോലിൽ, ഡോ. സുരേഷ് മാർഗ്ഗശ്ശേരി, തോമസ് ചിറമേൽ, ബാലതാരങ്ങളായ ഷാനീസ് സക്കറിയ, അമേയ വിമൽ എന്നിവരും കഥാപാത്രങ്ങളെ ജീവസ്സുറ്റതാക്കി.

സന്തോഷ് പിള്ള, ജയമോഹൻ, ഹരിദാസ് തങ്കപ്പൻ എന്നിവർ ചേർന്നാണ് നാടക രചന നിർവ്വഹിച്ചിരിക്കുന്നത്. അമ്പിളി വിമൽ, സുനിത ഹരിദാസ്, ആശ നായർ, റോയ് സക്കറിയ എന്നിവർ രംഗസജ്ജീകരണവും വിനു രാജേന്ദ്രൻ ശബ്ദ-വെളിച്ച നിയന്ത്രണവും നിർവ്വഹിച്ചു.

ശ്രീ. കോരസൺ വർഗീസ് (വാൽക്കണ്ണാടി മീഡിയ), ശ്രീ. ഫിലിപ്പ് മഠത്തിൽ (മലയാളം ഗ്ലോബൽ വോയിസ്) എന്നിവരുടെ നേതൃത്വത്തിലാണ് നാടകം ന്യൂയോർക്കിൽ സംഘടിപ്പിച്ചത്. പ്രവാസി ജീവിത തിരക്കുകൾക്കിടയിലും ആസ്വാദകമനസ്സുകളിൽ ചിന്തയുടെ ഉൾക്കനൽ ബാക്കിവെച്ച് മികച്ച രീതിയിൽ നാടകം വേദിയിലെത്തിച്ച അണിയറ പ്രവർത്തകരെ സദസ്സ് ഒന്നടങ്കം അഭിനന്ദിച്ചു

Leave a Reply

Your email address will not be published. Required fields are marked *