നമിത് മൽഹോത്ര നിർമ്മിച്ച് നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം: പാർട്ട് 1’-ന്റെ ഔദ്യോഗിക ട്രെയിലർ പുറത്തിറങ്ങി. 2026 ജൂലൈ 30-ന് പുലർച്ചെ മലയാളം, ഹിന്ദി, കന്നഡ, തെലുങ്ക്, തമിഴ് എന്നീ അഞ്ച് ഭാഷകളിലാണ് ട്രെയിലർ റിലീസ് ചെയ്തത്. 2026-ലെ ദീപാവലി റിലീസായി ചിത്രം ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തും. സോണി പിക്‌ചേഴ്‌സ് ലോകമെമ്പാടും, ധർമ്മ പ്രൊഡക്ഷൻസ് ഉത്തരേന്ത്യയിലും ചിത്രം വിതരണത്തിനെത്തിക്കും.
പ്രൈം ഫോക്കസ് സ്റ്റുഡിയോസ്, എട്ട് തവണ ഓസ്‌കാർ പുരസ്‌കാരം നേടിയ വിഎഫ്എക്‌സ് സ്റ്റുഡിയോ ഡിഎൻഇജി (DNEG), നടൻ യാഷിന്റെ മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തിലെ രാമനായി രൺബീർ കപൂറും, സീതയായി സായ് പല്ലവിയും, രാവണനായി യാഷും വേഷമിടുന്നു. ഇതിനുപുറമെ ദശരഥനായി അരുൺ ഗോവിൽ, കൈകേസിയായി ശോഭന, വിശ്വാമിത്രനായി അജിങ്ക്യ ദേവ്, ഇന്ദ്രനായി കുനാൽ കപൂർ, ശൂർപ്പണഖയായി രാകുൽ പ്രീത് സിംഗ്, ലക്ഷ്മണനായി രവി ദുബെ തുടങ്ങിയ വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ശ്രീധർ രാഘവനാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഹോളിവുഡ് സ്റ്റണ്ട് ഡയറക്ടർമാരായ ടെറി നോട്ടറി, ഗൈ നോറിസ് എന്നിവർ ആക്ഷൻ രംഗങ്ങൾ നിയന്ത്രിക്കുമ്പോൾ, ഓസ്‌കാർ ജേതാക്കളായ ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ഇന്ത്യയിലെയും അന്താരാഷ്ട്രതലത്തിലെയും പ്രമുഖ കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും അണിനിരത്തിയാണ് നിർമ്മാതാവ് നമിത് മൽഹോത്ര ഈ ദൃശ്യവിരുന്ന് ഒരുക്കുന്നത്.
ഇന്ത്യയുടെ മഹത്തായ സാംസ്കാരിക പാരമ്പര്യം അർഹിക്കുന്ന എല്ലാ സാങ്കേതിക മികവോടെയും ആധികാരികതയോടെയും ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനായതിൽ സന്തോഷമുണ്ടെന്ന് നിർമ്മാതാവ് നമിത് മൽഹോത്ര പറഞ്ഞു. രാമായണത്തിന്റെ മൂല്യങ്ങളും പവിത്രതയും ഒട്ടും ചോർന്നുപോകാതെ, പൂർണ്ണ ആത്മാർത്ഥതയോടെയും ബഹുമാനത്തോടെയുമാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സംവിധായകൻ നിതേഷ് തിവാരി വ്യക്തമാക്കി.

