ലിജോ ജോസ് പെല്ലിശ്ശേരി – ഇന്ദ്രജിത്ത് ചിത്രം നായകൻ 4K റീമാസ്റ്റർഡ് പതിപ്പ് സെപ്റ്റംബർ 4-ന് റീറിലീസ് ചെയ്യും

ലിജോ ജോസ് പെല്ലിശ്ശേരി ആദ്യമായി സംവിധാനം ചെയ്ത് 2010-ൽ പുറത്തിറങ്ങിയ ‘നായകൻ’ എന്ന ചിത്രം 16 വർഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ വീണ്ടും തിയേറ്ററുകളിലെത്തുന്നു. സെപ്റ്റംബർ 4-നാണ് ചിത്രത്തിന്റെ റീറിലീസ് നിശ്ചയിച്ചിരിക്കുന്നത്. കുടുംബത്തെ ഇല്ലാതാക്കിയവരോട് പ്രതികാരം ചെയ്യുന്ന വരദനുണ്ണി എന്ന കഥകളി കലാകാരന്റെ കഥയാണ് ചിത്രം പറയുന്നത്.

പി.എസ്. റഫീഖ് തിരക്കഥയൊരുക്കിയ ഈ ചിത്രത്തിൽ തിലകൻ, ജഗതി ശ്രീകുമാർ, ധന്യ മേരി വർഗീസ്, സിദ്ദിഖ്, വിജയരാഘവൻ, ലാലു അലക്സ്, കലാശാല ബാബു, ചെമ്പൻ വിനോദ് ജോസ്, ശ്രീജിത്ത് രവി, അനിൽ മുരളി തുടങ്ങിയ വലിയൊരു താരനിര തന്നെ അണിനിരന്നിരുന്നു. ഇല്ലുമിനാറ്റോ ഫിലിംസിന്റെ ബാനറിൽ അനൂപ് ജോൺസൺ കരേടൻ ആണ് ചിത്രം നിർമ്മിച്ചത്.

ആദ്യ റിലീസിൽ ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും ഇന്ദ്രജിത്തിന്റെ പ്രകടനവും ചിത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ദേവദൂതൻ, ഛോട്ടാ മുംബൈ, ഫ്രണ്ട്സ്, സമ്മർ ഇൻ ബത്ലഹേം എന്നീ സിനിമകൾക്ക് ശേഷം ഹൈ സ്റ്റുഡിയോസ് ആണ് നായകന്റെ 4K ഡോൾബി അറ്റ്മോസ് റീമാസ്റ്ററിംഗ് നിർവ്വഹിച്ചിരിക്കുന്നത്. ഹൈസിൻ ഗ്ലോബൽ വെഞ്ചേഴ്സ് ചിത്രം തിയേറ്ററുകളിൽ എത്തിക്കും.

മനോജ് പരമഹംസ ഛായാഗ്രഹണവും പ്രശാന്ത് പിള്ള സംഗീതസംവിധാനവും നിർവ്വഹിച്ച ചിത്രത്തിന്റെ മറ്റ് പ്രധാന അണിയറ പ്രവർത്തകർ: എഡിറ്റർ: മനോജ്, സൗണ്ട് ഡിസൈൻ: രംഗനാഥ് രവി, ആർട്ട്: സാലു കെ. ജോർജ്ജ്, പ്രൊഡക്ഷൻ കൺട്രോളർ: അനിൽ മാത്യു, മേക്കപ്പ്: രാജീവ് അങ്കമാലി, കോസ്റ്റ്യൂംസ്: സുനിൽ റഹ്മാൻ, ക്രിയേറ്റീവ് വിഷനറി ഹെഡ്: ബോണി അസനാർ, പ്രോജക്ട് ഡിസൈനർ: അഭിമന്യു കൃഷ്ണൻ, കളറിസ്റ്റ്: ഷാൻ ആഷിഫ്, സ്റ്റുഡിയോ: ഹൈ സ്റ്റുഡിയോസ് & സപ്ത റെക്കോർഡ്സ്, അറ്റ്മോസ് മിക്സിംഗ്: ഹരിനാരായണൻ, മാർക്കറ്റിംഗ് ഹെഡ്: ജിബിൻ ജോയ്, റീസ്റ്റോറേഷൻ: അരുൺ സി.എസ്, സ്റ്റിൽസ്: കാഞ്ചൻ, ഡിസൈൻസ്: അർജുൻ@ ഹൈ സ്റ്റുഡിയോസ്, പി.ആർ.ഓ: പി.ശിവപ്രസാദ്.

Leave a Reply

Your email address will not be published. Required fields are marked *