കേരളത്തിലെ തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത് വിജയകരമായി പ്രദർശനം തുടരുന്ന ‘പ്ലൂട്ടോ’ ഓസ്ട്രേലിയൻ തിയേറ്ററുകളിലേക്ക് എത്തുന്നു. ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്ത ചിത്രം ‘കോമിക് ബുക്ക്’ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. ചിരിക്കാൻ വക നൽകുന്ന രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഈ ഏലിയൻ കോമഡി ചിത്രം ഇതിനോടകം തന്നെ കേരളത്തിലെ കുട്ടികളും കുടുംബ പ്രേക്ഷകരും ഏറ്റെടുത്തു കഴിഞ്ഞു.
നീരജ് മാധവ് നായകനാകുന്ന ചിത്രത്തിൽ അൽത്താഫ് സലിമാണ് ഏലിയനായി വേഷമിടുന്നത്. ആർഷ ചാന്ദിനി ബൈജു നായികയാകുന്ന ചിത്രത്തിൽ വേറിട്ട വില്ലൻ വേഷത്തിൽ അജു വർഗീസും എത്തുന്നു. സോഷ്യൽ മീഡിയ താരങ്ങളായ നിഹാൽ, സുബിൻ ടാർസൻ, നിംന ഫാത്തൂമി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണലിന്റെ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്.
യാതൊരുവിധ സമ്മർദ്ദങ്ങളുമില്ലാതെ തിയേറ്ററിൽ വന്ന് നിറഞ്ഞ മനസ്സോടെ ചിരിച്ചു മടങ്ങാം എന്നതാണ് പ്ലൂട്ടോ നൽകുന്ന ഉറപ്പ്. നാട്ടിലെ വിജയം ആവർത്തിക്കാൻ ഓസ്ട്രേലിയയിലെ പ്രധാന കേന്ദ്രങ്ങളിലെല്ലാം വരും ദിവസങ്ങളിൽ ചിത്രത്തിന്റെ പ്രദർശനം ആരംഭിക്കും.

