നേമത്ത് വീണ്ടും താമര വിരിഞ്ഞു; വി. ശിവൻകുട്ടിയെ വീഴ്ത്തി രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: കേരളം ഉറ്റുനോക്കിയ അതിശക്തമായ പോരാട്ടത്തിനൊടുവിൽ നേമം നിയമസഭാ മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ വിജയിച്ചു. സിറ്റിംഗ് എം.എൽ.എയും വിദ്യാഭ്യാസ മന്ത്രിയുമായ വി. ശിവൻകുട്ടിയെ പരാജയപ്പെടുത്തിയാണ് രാജീവ് ചന്ദ്രശേഖർ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ 2016-ൽ ഒ. രാജഗോപാലിലൂടെ ബി.ജെ.പി അക്കൗണ്ട് തുറന്ന നേമത്ത് വീണ്ടും താമര വിരിയുകയായിരുന്നു.

വോട്ടെണ്ണലിന്റെ തുടക്കം മുതൽ രാജീവ് ചന്ദ്രശേഖറും വി. ശിവൻകുട്ടിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. എന്നാൽ നഗരസഭാ വാർഡുകളിലെ വോട്ടുകൾ എണ്ണിത്തുടങ്ങിയതോടെ രാജീവ് ചന്ദ്രശേഖർ വ്യക്തമായ ലീഡ് നിലനിർത്തുകയായിരുന്നു.ബി.ജെ.പിയിൽ നിന്നും പിടിച്ചെടുത്ത മണ്ഡലം നിലനിർത്താമെന്ന എൽ.ഡി.എഫ് പ്രതീക്ഷകൾക്ക് തിരിച്ചടി നൽകിക്കൊണ്ടാണ് വി. ശിവൻകുട്ടിയുടെ പരാജയം.യു.ഡി.എഫ് സ്ഥാനാർത്ഥി നിർണ്ണായകമായ വോട്ടുകൾ നേടിയെങ്കിലും മത്സരത്തിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വിജയവാർത്ത പുറത്തുവന്നതോടെ നേമത്തെ ബി.ജെ.പി കേന്ദ്രങ്ങളിൽ വലിയ ആഹ്ലാദപ്രകടനങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തുടനീളം യു.ഡി.എഫ് തരംഗം ആഞ്ഞടിക്കുമ്പോഴും തിരുവനന്തപുരത്തെ ഈ നിർണ്ണായക മണ്ഡലം തിരിച്ചുപിടിക്കാൻ സാധിച്ചത് എൻ.ഡി.എ ക്യാമ്പുകൾക്ക് വലിയ ആശ്വാസമായിട്ടുണ്ട്. ജനവിധി വിനയപൂർവ്വം സ്വീകരിക്കുന്നുവെന്നും നേമത്തിന്റെ വികസനത്തിനായി പ്രവർത്തിക്കുമെന്നും വിജയത്തിന് ശേഷം രാജീവ് ചന്ദ്രശേഖർ പ്രതികരിച്ചു

Leave a Reply

Your email address will not be published. Required fields are marked *