ചെങ്കോട്ട കാർ ബോംബ് സ്ഫോടനം; 10 പേർക്കെതിരെ എൻ.ഐ.എ കുറ്റപത്രം സമർപ്പിച്ചു

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാർ ബോംബ് സ്ഫോടനക്കേസിൽ 10 പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കുറ്റപത്രം സമർപ്പിച്ചു. 7,500 പേജുകളുള്ള വിപുലമായ കുറ്റപത്രമാണ് പാട്യാല ഹൗസ് കോടതിയിലെ എൻ.ഐ.എ പ്രത്യേക കോടതിയിൽ സമർപ്പിച്ചത്. നിരോധിത ഭീകര സംഘടനകളായ അൽ-ഖ്വയ്ദ ഇൻ ദി ഇന്ത്യൻ സബ് കോണ്ടിനന്റ് (AQIS), അൻസാർ ഗസ്‌വതുൽ ഹിന്ദ് (AGuH) എന്നിവയുമായി ബന്ധപ്പെട്ട വൻ ഗൂഢാലോചനയാണ് അന്വേഷണത്തിലൂടെ പുറത്തുവന്നത്.

2025 നവംബർ 10-നായിരുന്നു ചെങ്കോട്ട മെട്രോ സ്‌റ്റേഷൻ ഗേറ്റിന് സമീപം അതിതീവ്ര സ്ഫോടനം നടന്നത്. 15 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിന് പിന്നിൽ ചാവേർ ആക്രമണമായിരുന്നുവെന്ന് എൻ.ഐ.എ കണ്ടെത്തി. സ്ഫോടനത്തിൽ കൊല്ലപ്പെട്ട കാർ ഡ്രൈവർ ഡോ. ഉമർ ഉൻ നബിയാണ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കുറ്റപത്രത്തിൽ പറയുന്നു. ഇയാൾ ഹരിയാനയിലെ ഫരീദാബാദിലുള്ള അൽ-ഫലാ സർവ്വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസറായിരുന്നു.

ഡോക്ടർമാർ ഉൾപ്പെടെയുള്ള ഉയർന്ന വിദ്യാഭ്യാസമുള്ള ഉദ്യോഗസ്ഥരെ ഭീകരവാദത്തിലേക്ക് ആകർഷിച്ചാണ് സംഘം പ്രവർത്തനം വ്യാപിപ്പിച്ചത്. ‘ഓപ്പറേഷൻ ഹെവൻലി ഹിന്ദ്’ എന്ന പേരിൽ രാജ്യത്ത് ശരിയത്ത് ഭരണം നടപ്പിലാക്കാൻ പ്രതികൾ പദ്ധതിയിട്ടിരുന്നു. ആമിർ റഷീദ് മിർ, ജാസിർ ബിലാൽ വാനി, ഡോ. മുസമ്മിൽ ഷക്കീൽ തുടങ്ങി 10 പേരെയാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

സ്ഫോടനത്തിനായി ‘ടി.എ.ടി.പി’ (TATP) എന്നറിയപ്പെടുന്ന അതീവ പ്രഹരശേഷിയുള്ള രാസമിശ്രിതമാണ് ഉപയോഗിച്ചത്. ഇതിനായി ലാബ് ഉപകരണങ്ങളും മറ്റും സംഘം സംഘടിപ്പിച്ചിരുന്നു. ജമ്മു കശ്മീർ, ഹരിയാന, ഉത്തർപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ എൻ.ഐ.എ നടത്തിയ വിശദമായ ശാസ്ത്രീയ അന്വേഷണത്തിന് ശേഷമാണ് ഇപ്പോൾ കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്. കേസിൽ തുടർ അന്വേഷണം പുരോഗമിക്കുകയാണെന്നും ഏജൻസി അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *