കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും സംഗീതസംവിധായകനും തബലിസ്റ്റുമായ കോഴിക്കോട് അബൂബക്കർ (അവുക്ക) അന്തരിച്ചു. 80 വയസ്സായിരുന്നു. അരീക്കാട് ഉള്ളിശ്ശേരിക്കുന്നിലെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് രണ്ടുമാസത്തോളം ചികിത്സയിലായിരുന്നു.
മാപ്പിളപ്പാട്ട് രംഗത്ത് മൂവായിരത്തിലധികം ഗാനങ്ങൾക്ക് അബൂബക്കർ ഈണം നൽകിയിട്ടുണ്ട്. കെ.ജെ. യേശുദാസ് ആലപിച്ച ‘കരയാനും പറയാനും മനംതുറന്നിരിക്കാനും’, കെ.എസ്. ചിത്ര പാടിയ ‘യത്തീമിനതാണീ’ തുടങ്ങിയ ഗാനങ്ങൾ ശ്രദ്ധേയമാണ്. സുജാത, എം.ജി. ശ്രീകുമാർ, അഫ്സൽ, ഷഹബാസ് അമൻ തുടങ്ങിയവരും അദ്ദേഹത്തിന്റെ സംഗീതത്തിൽ പാടിയിട്ടുണ്ട്.
പ്രശസ്ത സംഗീതസംവിധായകൻ ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് അബൂബക്കർ സംഗീതരംഗത്ത് സജീവമായത്. തബലിസ്റ്റായും അദ്ദേഹം ശ്രദ്ധേയനായിരുന്നു. ജി. ദേവരാജൻ, ബോംബെ രവി തുടങ്ങിയ പ്രമുഖ സംഗീതസംവിധായകരുടെ സംഗീതസംഘങ്ങളിലും തബലിസ്റ്റായി പ്രവർത്തിച്ചു. നടൻ മാമുക്കോയ അബൂബക്കറിന്റെ സഹപാഠിയായിരുന്നു.
കിടപ്പിലാകുന്നതിന് രണ്ടുദിവസം മുൻപും പുതിയ പാട്ടിന് അദ്ദേഹം ഈണം നൽകിയിരുന്നതായി റിപ്പോർട്ടുകളുണ്ട്. ‘ഈണങ്ങളുടെ സുൽത്താൻ’ എന്ന പേരിൽ അദ്ദേഹത്തിന്റെ ജീവിതവും സംഗീതാനുഭവങ്ങളും ഉൾപ്പെടുത്തി ഒരു പുസ്തകം പുറത്തിറങ്ങാനിരിക്കെയായിരുന്നു അന്ത്യം. ഭാര്യ കെ.വി. സുബൈദ. മക്കൾ ഗുലാം അലി, പരേതനായ ഫയാസ്, റോഷ്‌നി, ഫെമിന, സജിന.
മയ്യത്ത് നമസ്‌കാരം ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മാത്തോട്ടം കബർസ്ഥാൻ പള്ളിയിൽ നടക്കും.

