വയനാട് ടൗൺഷിപ്പിലെ വിള്ളൽ,നിർമാണ തകരാറില്ലെന്ന് റവന്യൂ മന്ത്രി; പ്രചാരണം അടിസ്ഥാനരഹിതമെന്ന് വിശദീകരണം

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ അതിജീവിതർക്കായി സർക്കാർ തയാറാക്കിയ പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നിർമാണത്തിൽ അപാകതകളുണ്ടെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. വീടുകളിൽ കാണപ്പെട്ടത് ഘടനാപരമായ തകരാറുകളല്ല (Structural cracks), മറിച്ച് സിമൻ്റ് കുഴമ്പ് ഉണങ്ങുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ സങ്കോചങ്ങൾ (Shrinkage) മാത്രമാണെന്നും മന്ത്രി വിശദീകരിച്ചു.

പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച വീടുകളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ സാങ്കേതിക വിദഗ്ധർ കൃത്യമായ പരിശോധനകൾ നടത്തിവരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ദുരന്തബാധിതരിൽ ആശങ്കയുണ്ടാക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. ഇത്തരം വ്യാജ പ്രചാരണങ്ങളിൽ നിന്ന് ഉത്തരവാദിത്തപ്പെട്ടവർ പിന്തിരിയണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്കായി യുദ്ധകാലാടിസ്ഥാനത്തിലാണ് സർക്കാർ ടൗൺഷിപ്പ് നിർമാണം പൂർത്തിയാക്കിയത്. നിർമാണത്തിൻ്റെ ഓരോ ഘട്ടത്തിലും ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും മേൽനോട്ടം ഉറപ്പാക്കിയിട്ടുണ്ട്. ടൗൺഷിപ്പുമായി ബന്ധപ്പെട്ട ഏത് പരാതിയും പരിശോധിക്കാൻ സർക്കാർ സന്നദ്ധമാണെന്നും, അതിജീവിതരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനുമാണ് മുൻഗണനയെന്നും മന്ത്രി കൂട്ടിച്ചേർത്തു. വരും ദിവസങ്ങളിലും വിദഗ്ധ സംഘം പ്രദേശം സന്ദർശിച്ച് തുടർപരിശോധനകൾ നടത്തുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Leave a Reply

Your email address will not be published. Required fields are marked *