മോസ്കോ: റഷ്യയിൽ നിന്ന് പാകിസ്താൻ വഴി ഇന്ത്യയിലേക്കും ഇന്ത്യൻ മഹാസമുദ്രത്തിലേക്കും റെയിൽപാത നിർമിക്കുന്നതിനുള്ള സാധ്യത പരിശോധിക്കണമെന്ന് റഷ്യൻ ഉപപ്രധാനമന്ത്രി മറാത്ത് ഖുസ്നുല്ലിൻ. റഷ്യൻ വാർത്താ ഏജൻസിയായ ടാസിന് നൽകിയ അഭിമുഖത്തിലാണ് നിർദേശം മുന്നോട്ടുവച്ചത്.
തുർക്കിയിലെ ബോസ്ഫറസ്, ഹോർമുസ് കടലിടുക്കുകൾ വഴിയുള്ള നിലവിലെ സമുദ്രപാതകളിലെ സുരക്ഷാ-ഗതാഗത തടസങ്ങൾക്ക് ബദലായി പുതിയ കരമാർഗം പരിഗണിക്കുകയാണ് ലക്ഷ്യം. തുർക്ക്മെനിസ്ഥാൻ, ഇറാൻ, അഫ്ഗാനിസ്ഥാൻ, പാകിസ്താൻ എന്നിവിടങ്ങളിലൂടെ ഇന്ത്യയിലേക്ക് റെയിൽപാത നീട്ടുന്നതാണ് പ്രാഥമിക ആശയം.
അതേസമയം, പദ്ധതിയുടെ ചെലവ്, നിർമാണ സമയപരിധി, നടപ്പാക്കൽ രീതി എന്നിവയിൽ റഷ്യ ഇതുവരെ വ്യക്തമായ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നിർദിഷ്ട പാത കടന്നുപോകുന്ന രാജ്യങ്ങളിലെ രാഷ്ട്രീയ അസ്ഥിരതയും അതിർത്തി പ്രശ്നങ്ങളും പദ്ധതിക്ക് പ്രധാന വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ.
ഇന്ത്യ–റഷ്യ വ്യാപാരബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും നിലവിലെ കടൽപാതകളിലെ ആശ്രിതത്വം കുറയ്ക്കുന്നതിനും പദ്ധതി സഹായകമാകുമെന്നാണ് റഷ്യയുടെ പ്രതീക്ഷ.

